
ലണ്ടൻ : സ്കൂൾ ടോയ്‌ലറ്റിൽ ഡി.ജെ പാർട്ടി നടത്തി 12 വയസുകാരൻ. ഇംഗ്ലണ്ടിലെ മാഞ്ചസ്‌റ്ററിലാണ് സംഭവം. സെന്റ് ആന്റണീസ് കാത്തലിക് സ്കൂളിലെ വിദ്യാർത്ഥിയായ കേൽ ബെൽ ആണ് ഡി.ജെ പാർട്ടി സംഘടിപ്പിച്ചത്. സംഗീതപ്രേമിയായ കേലിന് ഡി.ജെ ആവണമെന്നാണ് ആഗ്രഹം. ഇപ്പോൾ തന്നെ അതിന്റെ വാസന കേലിന് നന്നായി ഉണ്ട്. അങ്ങനെയാണ് ഡിസംബർ 11ന് ഡി.ജെ പാർട്ടി നടത്താൻ കേൽ തീരുമാനിച്ചത്. സ്നാപ് ചാറ്റിലൂടെയാണ് പാർട്ടിയിലേക്ക് കേൽ തന്റെ സുഹൃത്തുക്കളെയൊക്കെ ക്ഷണിച്ചത്.
പാർട്ടി നടത്തിയതാകട്ടെ സ്കൂൾ ടോയ്‌ലറ്റിലും. സുഹൃത്തുക്കൾക്ക് ചോക്ലേറ്റായിരുന്നു പാർട്ടിയിൽ വിതരണം ചെയ്തത്. കേലാകട്ടെ തന്റെ ഡി.ജെ സെറ്റിൽ പലതരത്തിലുള്ള ട്യൂണുകൾ പ്ലേ ചെയ്തു. കൂട്ടുകാർ അതിനൊത്ത് ചുവട് വച്ച് ആഘോഷിച്ചു. പക്ഷേ, വെറും 30 മിനിറ്റ് മാത്രമാണ് പാർട്ടി നീണ്ടുനിന്നത്. സ്പീക്കറിന്റെ ശബ്ദവും ടോയ്‌ലറ്റിൽ കേലും സംഘവും സെറ്റ് ചെയ്ത കളർഫുൾ ലൈറ്റുകളും അപ്പോഴേക്കും സ്കൂൾ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കേലിന്റെ ഡി.ജെ സ്പീക്കറുകളും ലൈറ്റ് ബൾബുകളുമെല്ലാം സ്കൂൾ അധികൃതർ പിടിച്ചെടുക്കുകയും ചെയ്തു.
കേലിന്റെ അമ്മ ലൂയിസ് ബെൽ ഫേസ്ബുക്കിലൂടെയാണ് തന്റെ മകൻ നടത്തിയ ഡി.ജെ പാർട്ടിയെ പറ്റി പുറംലോകത്തെ അറിയിച്ചത്. കേലിന്റെ പ്രവർത്തി സ്കൂൾ അധികൃതരിൽ നിന്നും അറിഞ്ഞ അമ്മയ്ക്ക് ശരിക്കും ചിരിയടക്കാൻ കഴിഞ്ഞില്ല. സ്കൂളിൽ നിന്നും മകൻ വീട്ടിലേക്ക് വന്നതിന്റെ ഒരു ഫോട്ടോയും കേലിന്റെ അമ്മ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഏതായാലും മകന്റെ കലാ വാസനയോട് പൂർണ പിന്തുണ അറിയിച്ചിരിക്കുകയാണ് അമ്മ.