
ലണ്ടൻ: കൊവിഡിനെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ബാബ രാദേവിന്റെ ഇമ്യൂണിറ്റി ബൂസ്റ്ററായ കൊറോനിൽ ബ്രിട്ടനിൽ വിപണിയിലെത്തിയെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഏഷ്യക്കാർ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലെ കടകളിലാണ് മരുന്ന് വിൽപനയ്ക്ക് എത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഈ മരുന്നിന് കൊവിഡിനെതിരെ പ്രതികരിക്കാനുള്ള ശേഷിയില്ലെന്നും റിപ്പോർട്ടിലുണ്ട്. ബി.ബി.സിയ്ക്ക് വേണ്ടി ബിർമിങ്ഹാം സർവകലാശാലയാണ് ഈ മരുന്ന് പരിശോധിച്ചത്. പച്ചമരുന്നുകൾ ഉപയോഗിച്ച് തയ്യാറാക്കിയ മരുന്നിന് കൊവിഡിനെ പ്രതിരോധിക്കാനുള്ള ശേഷിയില്ലെന്ന് കണ്ടെത്തിയെന്നാണ് ബി.ബി.സി പറയുന്നത്.
കൊറോനിൽ പ്രതിരോധശേഷിയിൽ എന്തു മാറ്റമാണ് വരുത്തുന്നതെന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടിലുണ്ട്. കൊവിഡിനെ ചെറുക്കാനുള്ള ഇമ്യൂണിറ്റി ബൂസ്റ്ററുകൾ എന്ന പേരിൽ ഉത്പന്നങ്ങൾ പരസ്യം ചെയ്യുന്നത് മുൻപ് ബ്രിട്ടൻ വിലക്കിയിരുന്നു.
കൊറോനിൽ വിൽപനയ്ക്ക് എത്തിച്ച വെംബ്ലിയിലെ ഒരു കട അവരുടെ വെബ്സൈറ്റിലും കൊവിഡ് ഇമ്യൂണിറ്റി ബൂസ്റ്റർ എന്ന പേരിൽ കൊറോനിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനു പുറമെ ചുരുങ്ങിയത് നാലു കടകളിലെങ്കിലും ഈ ഉത്പന്നം ബി.ബി.സി കണ്ടെത്തി. വൃദ്ധരടക്കമുള്ളവർ കൊവിഡ് പ്രതിരോധമെന്ന നിലയ്ക്ക് ഈ മരുന്ന് കഴിക്കുന്നുണ്ടെന്നാണ് ബി.ബി.സി പറയുന്നത്.മുൻപ് കൊറോനിൽ കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നാണെന്നും ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയെന്നുമുള്ള പതഞ്ജലിയുടെ പ്രഖ്യാപനം വിവാദമായിരുന്നു. മരുന്നിന് അംഗീകാരം നൽകിയതു സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ വിവിധ സ്ഥാപനങ്ങൾ തമ്മിലും അവ്യക്തത നിലനിന്നിരുന്നു. പിന്നീട്, കൊറോനിൽ ഇമ്യൂണിറ്റി ബൂസ്റ്റർ എന്ന നിലയിൽ വിൽപന നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകുകയായിരുന്നു. എന്നാൽ, ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത മരുന്നുകൾ വിപണിയിലെത്തിക്കാൻ ബ്രിട്ടനിൽ അനുമതിയില്ല.