amit-shah-dined-at-a-farm

കൊൽക്കത്ത: രണ്ട് ദിവസത്തെ പശ്ചിമ ബംഗാൾ സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ഉച്ചയൂണ് കഴിച്ചത് കർഷകന്റെ വീട്ടിൽ നിന്ന്. ഈസ്റ്റ് മിഡ്നാപുരിലെ ബാലിജുരി ഗ്രാമത്തിലെ സനാതൻ സിംഗ് എന്ന കർഷകന്റെ വീട്ടുവരാന്തയിലിരുന്ന് അവർ വിളമ്പിയ ചോറും ദാലും (പരിപ്പ്കറി) അമിത് ഷാ ആസ്വദിച്ച് കഴിച്ചു.

ബി.ജെ.പി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ, സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ ദിലീപ് ഘോഷ് എന്നിവരും ഷായ്ക്ക് ഒപ്പമുണ്ടായിരുന്നു.

മിഡ്നാപുരിൽ നടത്താനിരുന്ന റാലിക്ക് മുന്നോടിയായാണ് ഷാ കർഷകഭവനം സന്ദർശിച്ചത്.

' ഇത്തരം ഒരു ദിവസം ജീവിതത്തിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. ദരിദ്ര കർഷകനായതിനാൽ ചോറും ദാലുമാണ് അദ്ദേഹത്തിന് വിളമ്പിയത്. രാജ്യത്ത് സമാധാനവും ഐക്യവും നിലനിറുത്താൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. 50 വർഷമായി പാർട്ടി പ്രവർത്തകനാണെന്നും ' സനാതൻസിംഗ് പറഞ്ഞു.

ഇന്നലെ പുലർച്ചെ 1.30 ന് കൊൽക്കത്തയിലെത്തിയ അമിത് ഷാ രാവിലെ 10.30 ന് രാമകൃഷ്ണ ആശ്രമത്തിലെത്തി, സ്വാമി വവേകാനന്ദൻ, ശ്രീരാമകൃഷ്ണ പരമഹംസർ, ശാരദാദേവി എന്നിവരുടെ ഛായാചിത്രങ്ങൾക്കു മുമ്പിൽ പ്രാർത്ഥിച്ച ശേഷമാണ് റാലിക്ക് തുടക്കം കുറിച്ചത്. സ്വാമി വിവേകാനന്ദൻ ആധുനികതയെയും ആത്മീയതയെയും യോജിപ്പിച്ചുവെന്ന് ഷാ പറഞ്ഞു.