bitcoin-ransom


മംഗളുരു: ഹാര്‍ഡ് വെയര്‍ കടയുടമയുടെ മകനായ എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയ സംഘം മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 17 കോടി വിലമതിക്കുന്ന ബിറ്റ്‌കോയിന്‍. മംഗളുരുവിന് സമീപത്തുള്ള ബെല്‍ത്തങ്ങടിയില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം മോചനദ്രവ്യമായി ബിറ്റ്‌കോയിന്‍ ആവശ്യപ്പെടുന്ന ആദ്യ കേസാണിതെന്ന് കര്‍ണാടക പൊലീസ് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍, മാതാപിതാക്കളുമായി ബന്ധപ്പെട്ടാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. 100 ബിറ്റ്‌കോയിന്‍ നല്‍കിയാല്‍ കുട്ടിയെ വിട്ടുതരാമെന്നും, അല്ലാത്തപക്ഷം കുട്ടിയെ കൊന്നു കളയുമെന്നും അവര്‍ പറഞ്ഞു. 17 കോടി വില മതിക്കുന്നതാണ് 100 ബിറ്റ്‌കോയിന്‍.

അതെസമയം, പിന്നീട് നടത്തിയ ചര്‍ച്ചയില്‍ മോചനദ്രവ്യം 10 കോടി രൂപയായും, ഒടുവില്‍ അത് 25 ലക്ഷം രൂപയുമായി കുറഞ്ഞിട്ടുണ്ട്. ഹാര്‍ഡ് വെയര്‍ ബിസിനസ് രംഗത്തുള്ള കുട്ടിയുടെ പിതാവ് ബിറ്റ്‌കോയിന്‍ നിക്ഷേപകനാണെന്ന് അറിയുന്നവരാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.


മുത്തച്ഛനോടൊപ്പം കളിക്കുന്നതിനിടെ നാലംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ച കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യമായി ബിറ്റ്‌കോയിന്‍ നല്‍കിയാല്‍, അത് കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് പൊലീസ് പറയുന്നു. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.