
വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായി ഇന്ത്യൻ വംശജൻ. വേദാന്ത് പട്ടേലിനെയാണ് ബൈഡൻ പുതിയതായി നിയമിച്ചിരിക്കുന്നത്. ബൈഡൻ പ്രഖ്യാപിച്ച വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് പ്രസ് സ്റ്റാഫിലെ 16 നിയമനങ്ങളിലൊന്നാണ് പട്ടേലിന്റേത്. നിലവിൽ ബൈഡന്റെ മുതിർന്ന വക്താവാണ് അദ്ദേഹം. ബൈഡന്റെ ക്യാംപെയ്നുകളുടെ ചുമതലയും അദ്ദേഹം വഹിക്കുന്നുണ്ട്. മുൻപ്, റീജിയണൽ കമ്യൂണിക്കേഷൻസ് ഡയറക്ടർ, സ്റ്റേറ്റ്സ് കമ്യൂണിക്കേഷൻ ഡയറക്ടർ, കമ്യൂണിക്കേഷൻ ഡയറക്ടർ തുടങ്ങി നിരവധി ഉന്നത പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇന്ത്യയിലാണ് ജനിച്ചതെങ്കിലും വേദാന്ത് വളർന്നതും പഠിച്ചതുമെല്ലാം കാലിഫോർണിയയിലാണ്. യൂണിവേഴ്സിറ്റി ഒഫ് കാലിഫോർണിയ റിവർസൈഡ്, യൂണിവേഴ്സിറ്റി ഒഫ് ഫ്ലോറിഡ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.
അതേസമയം, സീനിയർ റീജിയണൽ കമ്യൂണിക്കേഷൻസ് ഡയറക്ടറായി പൈഡെ ഹില്ലിനെയാണ് ബൈഡൻ തിരഞ്ഞെടുത്തത്. 'ഈ നിയമനങ്ങൾ വൈവിദ്ധ്യമാർന്നതും പരിചയസമ്പന്നരുമായ ഒരു ടീമിൽ ഉൾപ്പെടുന്നു, അത് അമേരിക്കൻ ജനതയുടെ വിശ്വാസം പുനർനിർമ്മിക്കുന്നതിനായി പ്രതിജ്ഞാബദ്ധമാണ്' - നിയുക്ത വൈറ്റ് ഹൗസ് ചീഫ് ഒഫ് സ്റ്റാഫ് റോൺ ക്ലെയ്ൻ പറഞ്ഞു.