
വാഷിംഗ്ടൺ: കൊവിഡ് വാക്സിനായ മൊഡേണയുടെ ഉപയോഗത്തിന് അമേരിക്കയിൽ അടിയന്തര അനുമതി. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയതോടെ 60 ലക്ഷം ഡോസുകളുടെ ഷിപ്പിംഗ് ആരംഭിച്ച് കഴിഞ്ഞു. ഫൈസർ വാക്സിനാണ് അമേരിക്ക ആദ്യം അനുമതി നൽകിയത്.
യു.എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്തിന്റെ സഹകരണത്തോടെ ഉത്പാദിപ്പിച്ച മെഡേണ വാക്സിൻ 28 ദിവസത്തെ ഇടവേളയിൽ രണ്ട് തവണയായിട്ടാണ് നൽകുന്നത്. വാക്സിൻ നൽകിയ 30,000 കൊവിഡ് ബാധിതരിൽ 95 പേരുകളുടെ ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക ഫലം തയാറാക്കിയിരിക്കുന്നത്.
മെസഞ്ചർ ആർ.എൻ.എ (mRNA) സാങ്കേതികവിദ്യയാണ് മൊഡേണയിൽ ഉപയോഗിക്കുന്നത്. ഫൈസറിലും ഇതേ സാങ്കേതിക വിദ്യ തന്നെയാണുള്ളത്. മോഡേണയുടെ വാക്സിൻ -20 സെൽഷ്യസ് (-4 ഫാരൻഹീറ്റ്) സ്റ്റാൻഡേഡ് ഫ്രീസർ താപനിലയിൽ ആറുമാസം വരെ സൂക്ഷിക്കാം. ഇത് ദ്രവമാക്കിയ ശേഷം 30 ദിവസം വരെ റഫ്രിജറേറ്ററിലും സൂക്ഷിക്കാവുന്നതാണ്.വാക്സിന്റെ രണ്ടാം ഷോട്ടിന് ശേഷമുള്ള ദിവസങ്ങളിൽ അല്ലെങ്കിൽ രണ്ട് ദിവസങ്ങൾക്കുള്ളിൽ ക്ഷീണം, തലവേദന, പനി തുടങ്ങിയവയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.അതേസമയം, ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 76,120,962 ആയി. 1,683,693 പേർ മരിച്ചു. 53,387,779 പേർ രോഗവിമുക്തരായി. അമേരിക്കയ്ക്ക് ശേഷം കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടക്കുന്ന രാജ്യമായി ഇന്ത്യ മാറി.