
വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും നാളെ കൊവിഡ് വാക്സിൻ സ്വീകരിക്കും. അതേസമയം, നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസും ഭർത്താവ് ഡഗ്ലസ് എംഹോഫും ഒരാഴ്ചക്ക് ശേഷമാകും വാക്സിൻ സ്വീകരിക്കുക. ബൈഡന്റെ പ്രസ് സെക്രട്ടറി ജെൻ സാക്കിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വാക്സിൻ കുത്തിവയ്പ് നൽകുന്ന ഡെലവയർ മെഡിക്കൽ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് ബൈഡൻ നന്ദി അറിയിക്കുകയും ചെയ്യും. ' വാക്സിൻ ലഭിക്കുന്നവരുടെ മുൻനിരയിൽ ഇടം പിടിക്കാൻ എനിക്ക് ആഗ്രഹമില്ല. എന്നാൽ വാക്സിൻ സുരക്ഷിതമാണെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകാൻ വാക്സിൻ സ്വീകരിക്കും' -ബൈഡൻ പറഞ്ഞു. 78കാരനായ ബൈഡൻ ഹൈറിസ്ക് വിഭാഗത്തിലാണ് ഉൾപ്പെടുക. യു.എസ് വൈസ് പ്രസിഡന്റായ മൈക്ക് പെൻസും ഭാര്യയും കൂടാതെ, മുതിർന്ന ഉദ്യോഗസ്ഥയായ നാൻസി പെലോസിയും വെള്ളിയാഴ്ച കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു.