grand-care

തിരുവനന്തപുരം: വയോജനങ്ങളുടെ കരുതലിന് മുന്‍തൂക്കം നല്‍കിക്കൊണ്ട് കുടുംബശ്രീ വഴിയാണ് ഗ്രാന്‍ഡ് കെയര്‍ പദ്ധതിയ്ക്ക് രൂപം നല്‍കിയത്. വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനം അടുത്ത ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ വയോജനങ്ങള്‍ കരുതലോടെയിരിക്കണം എന്ന സന്ദേശം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനായി പല തലങ്ങളിലുള്ള ഇന്‍ഫര്‍മേഷന്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ (ഐഇസി) ക്യാമ്പയിന്‍ എന്ന നിലയിലാണിത്. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോർക്കാണ് പദ്ധതിയുടെ ഏകോപന ചുമതല.

നടൻ ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിൽ ഗ്രാൻഡ് കെയർ പദ്ധതിയെക്കുറിച്ചുള്ള മൂന്നര മിനിട്ടുള്ള വീഡിയോ പങ്ക് വെച്ചിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പ്, പാലിയേറ്റീവ് കെയര്‍, കുടുംബശ്രീ, ഐസിഡിഎസ്, ആശ പ്രവര്‍ത്തകര്‍, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഏകോപനത്തിലൂടെയാണ് പദ്ധതി. വയോജനങ്ങളുടെ റിവേഴ്സ് ക്വാറന്റൈന്‍, ടെലി മെഡിസിന്‍ സംവിധാനം, കോള്‍ സെന്ററുകളുടെ പ്രവര്‍ത്തനം, ഹോം കെയര്‍ സംവിധാനം, പാലിയേറ്റീവ് കെയര്‍ സംവിധാനം തുടങ്ങിയവ ഏകോപിപ്പിച്ച് വയോജനങ്ങളുടെ ആരോഗ്യ പരിപാലനം ഉറപ്പാക്കുകയാണ് ലക്ഷ്യം.

ആവശ്യത്തിന് മരുന്ന എത്തിച്ച് നല്‍കുന്നതിനും ഡോക്ടറുടെ സേവനം ആവശ്യമുളളവര്‍ക്ക് സേവനം ലഭ്യമാക്കുന്നതിനും ഭക്ഷണമുറപ്പാക്കുന്നതിനും മാനസിക പിന്തുണ നല്‍കുന്നതിനുമായുള്ള സംവിധാനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കും.

വയോജനങ്ങള്‍ക്കാവശ്യമായ മരുന്നുകള്‍ എല്ലാ പഞ്ചായത്തുകളിലുമെത്തിക്കും. ഓരോ പഞ്ചായത്തിലെയും മെഡിക്കല്‍ ഓഫീസറെയും പാലിയേറ്റീവ് കെയര്‍ നഴ്സുമാരെയും ഏകോപിപ്പിച്ചുകൊണ്ട് മരുന്ന് എത്തിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ സാമൂഹ്യനീതി വകുപ്പിനെ ചുമതലപ്പെടുത്തി.

നിലവില്‍ വയോമിത്രം പദ്ധതി വഴി നഗരസഭാ പ്രദേശങ്ങളില്‍ മരുന്ന് വീട്ടിലെത്തിച്ചു നല്‍കുന്നുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഗ്രാന്‍ഡ് കെയര്‍ പദ്ധതിയും ഇതോടൊപ്പം ഏകോപിപ്പിക്കും. കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം വയോജനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തും. ഓരോ വാര്‍ഡിലുമുള്ള ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വാര്‍ഡ് അംഗം എന്നിവരടങ്ങുന്ന ടീമിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.