
മൊറാദാബാദ് : യു.പിയിലെ മൊറാദാബാദിൽ മത പരിവര്‍ത്തന നിരോധന നിയമപ്രകാരം അറസ്റ്റിലായ മുസ്ലിം യുവാവിനെയും സഹോദരനെയും തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. മതപരിവര്‍ത്തനം നടത്തിയതിന്റെ തെളിവുകൾ പോലിസിന് കണ്ടെത്താനായില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ മാസം ആദ്യമാണ് 22 കാരിയായ ഹിന്ദു യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിൽ ലൗ ജിഹാദ് നിയമപ്രകാരം പൊലീസ് യുവാവിനെയും സഹോദരനേയും അറസ്റ്റ് ചെയ്തത്.
വിവാഹത്തിന്റെ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനിടെ ബജ്‌രംഗ് ദൾ പ്രവർത്തകർ എത്തി ദമ്പതികൾക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ഇവരാണ് യുവാവിനെ പൊലീസിന് കൈമാറിയത്. യുവാവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഗർഭിണിയായിരുന്ന യുവതിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. അവിടെ വച്ച് മൂന്ന് മാസം ഗർഭിണിയായ യുവതിയുടെ ഗർഭം അധികൃതർ ഇൻജെക്ഷൻ നൽകി അലസിപ്പിച്ചതായി പരാതി ഉയർന്നിരുന്നു. യുവതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ സർക്കാർ ഇത് നിഷേധിച്ചു.
തങ്ങൾ പരസ്പര സമ്മതത്തോടെയാണ് വിവാഹം കഴിച്ചതെന്നും എന്നാൽ അതിന്റെ പേരിൽ പൊലീസ് തന്നെ 15 ദിവസം ജയിലിലടച്ചെന്നും ജയിൽ മോചിതനായ യുവാവ് പറയുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ യുവതിയെ ബജ്‌രംഗ് ദൾ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് തടയുന്നത് കാണാം. മതം മാറാൻ ജില്ലാ മജിസ്ട്രേറ്റിൽ നിന്നും ലഭിച്ച സമ്മതപത്രം കാണിക്കാൻ യുവതിയോട് അവർ ആവശ്യപ്പെടുന്നുണ്ട്. പുതിയ നിയമത്തെ പറ്റി അറിയില്ലേ എന്നും നിങ്ങളെ പോലുള്ളവർക്കാണ് ഈ നിയമം എന്നും അവർ പറയുന്നുണ്ട്.
യു.പിയിൽ മതപരിവർത്തന നിയമം പ്രാബല്യത്തിൽ വരുന്നതിന് നാല് മാസം മുമ്പ്, ജൂലായിലാണ് ദമ്പതികൾ വിവാഹിതർ ആയത്. മൊറാദാബാദ് പൊലീസ് അഭയകേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന യുവതിയെ മജിസ്ട്രേറ്റ് ഇടപെട്ടാണ് മോചിപ്പിച്ചത്. ഇതിന് ശേഷമാണ് വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ടതിനെ തുടർന്ന് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തനിക്ക് ഡോക്ടർ ഗർഭം അലസിപ്പിക്കുന്നതിനുള്ള ഇൻജെക്ഷൻ കുത്തിവച്ചതെന്ന് യുവതി ആരോപിച്ചു. മൂന്ന് ദിവസത്തിനിടെ രണ്ട് തവണയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ ആരോപണം പൊലീസും ഡോക്ടർമാരും തള്ളിയിരുന്നു.