letter-of-a-kid

കാൻബറ: നിറത്തിന്റേയും ശരീരഘടനയുടേയും പേരിൽ പലരും പരിഹാസത്തിന് ഇരയാകാറുണ്ട്. ബാല്യകാലം മുതൽ പലരും ഇത് നേരിടേണ്ടി വരുന്നു. എന്നാൽ, സ്വന്തം ശരീരത്തെ പരിഹസിച്ചുകൊണ്ടുള്ള പരാമർശങ്ങളെ ധീരതയോടെ നേരിട്ടിരിക്കുകയാണ് ആസ്ട്രേലിയക്കാരിയായ എട്ടു വയസുകാരി ഐവി.

സഹപാഠി തടിച്ചിയെന്നു വിളിച്ചതോർത്ത് വിഷമിക്കാതെ ആത്മവിശ്വാസത്തോടെ ഐവി കുറിച്ച കത്ത് അവളുടെ അമ്മ മെൽ വാട്സ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

ഇത് തന്റെ ശരീരമാണെന്നും താനെങ്ങനെ ഇരിക്കുന്നോ അതിനെ താൻ സ്‌നേഹിക്കുന്നുണ്ടെന്നുമാണ് കളിയാക്കിയ സുഹൃത്തിന് നൽകിയ കത്തിൽ ഐവി കുറിച്ചത്. 'ഞാനൊരിക്കലും അത് മാറ്റാൻ ഉദ്ദേശിക്കുന്നില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ല. അമ്മയും അച്ഛനും കുടുംബവും എന്നെ സ്‌നേഹിക്കുന്നുണ്ട്. അതു മതി' - ഐവി കത്തിൽ കുറിച്ചു.

ഐവിയുടെ കത്ത് വായിച്ചപ്പോഴാണ് താൻ മക്കളെ വളർത്തിയ രീതിയിൽ സ്വയം അഭിമാനിച്ചതെന്ന് മെൽ പറയുന്നു. 'മക്കളോട് എല്ലായ്പ്പോഴും അവരുടെ ശരീരത്തെക്കുറിച്ചോർത്ത് അഭിമാനിക്കാൻ പറയുമായിരുന്നു. അതവരുടെ മാത്രം ശരീരമാണ്, അവർക്ക് ജീവിക്കാനുള്ള ഒരേയൊരു അവസരമാണ്. അവർ ആ ജീവിതത്തെ ബഹുമാനിക്കണമെന്നും അവരുടെ ശരീരം ബഹുമാനം തിരിച്ച് അർഹിക്കുന്നുണ്ടെന്നും പറയാറുണ്ട്'.

തന്റെ ശരീരത്തിനു വേണ്ടി നിലകൊണ്ട ഐവിയെക്കുറിച്ചോർത്ത് അഭിമാനിക്കുന്നുവെന്നും കൂടാതെ, ഐവിയെ കളിയാക്കിയ സുഹൃത്തിന് ഇപ്പോൾ തെറ്റ് മനസിലായെന്നും ഇരുവരും വീണ്ടും നല്ല സുഹൃത്തുക്കളായെന്നും മെൽ പറഞ്ഞു.

'ഐവിയെ മനഃപ്പൂർവം വേദനിപ്പിക്കണം എന്നുദ്ദേശിച്ചാവില്ല ആ കുട്ടി കളിയാക്കിയത്. രണ്ടുപേരും വളർന്ന സാഹചര്യങ്ങളുടെ വ്യത്യാസം കൊണ്ടുകൂടിയാവാം. മക്കളെ വളർത്തുന്നതിൽ തനിക്ക് പാകപ്പിഴ സംഭവിച്ചിട്ടില്ലെന്ന് ഈ അനുഭവം തെളിയിച്ചു'- മെൽ കൂട്ടിച്ചേർത്തു.