
വിജീഷ്മണി സംവിധാനം നിര്‍വഹിച്ച് മലയാളത്തിന്റെ അഭിമാനമായ ജയറാമിന്റെ അതുല്യമായ അഭിനയ മികവുകൊണ്ട് ശ്രദ്ധേയമായ നമോ: എന്ന സംസ്‌കൃത സിനിമ ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമയിലേക്ക്. കഴിഞ്ഞ വര്‍ഷം നേതാജി എന്ന സിനിമയിലൂടെ ഇന്ത്യന്‍ പനോരമയില്‍ ഇടം നേടിയ സംവിധായകന്‍ വിജീഷ് മണിയുടെ സംസ്‌കൃത ചിത്രമാണ് നമോ:
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രഗല്‍ഭരായ കലാകാരന്മാരാണ് ഈ ചലച്ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. നമോയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് ലോകനാഥനാണ്. വിഖ്യാത സംഗീതജ്ഞന്‍ പദ്മശ്രീ അനൂപ് ജലോട്ടയാണ് നമോയ്ക്ക് സംഗീതം ഒരുക്കിയത്. യു പ്രസന്നകുമാറും ഡോ എസ് എന്‍ മഹേഷ് ബാബുവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലുള്ള അതുല്യനടീനടന്‍മാര്‍ ആണ് ഈ സിനിമയില്‍ വേഷമിട്ടത്. പിആര്‍ഒ ആതിര ദില്‍ജിത്ത്
കൃഷ്ണകുചേല കഥയുടെ പശ്ചാത്തലത്തില്‍ മാതൃകാ ഭരണാധികാരിയും ലോകത്തിന് മാതൃകയാവുന്ന പ്രജയും എങ്ങനെയായിരിക്കണം എന്ന എക്കാലത്തും പ്രസക്തമായ വിഷയമാണ് നമോ: ചര്‍ച്ച ചെയ്യുന്നത്. സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജയറാമിന്റെ പ്രകടനം ഇതിനോടകം തന്നെ ചലച്ചിത്ര രംഗത്തെ പലരേയും അത്ഭുതപ്പെടുത്തുകയുണ്ടായി.
ജയറാമിന്റ അഭിനയജീവിതത്തിലെ നാഴികക്കല്ലാണ് നമോയിലെ സുധാമ എന്ന കഥാപാത്രം. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന അഭിനയ ജീവിതത്തില്‍ അത്യപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ഇത്തരമൊരു കഥാപാത്രത്തെ ഒരു നടന്‍ സ്വയം മറന്ന് ആവിഷ്‌കരിക്കുമ്പോള്‍ പ്രേക്ഷകരും സുധാമയെന്ന കുചേല ബ്രാഹ്മണനോടൊപ്പം സഞ്ചരിക്കുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കൃത്യമായി തയ്യാറെടുത്ത ജയറാം തന്റെ ഭാരം ഇരുപത് കിലോയിലധികം കുറയ്ക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തു. സിനിമയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്ത മോഹന്‍ലാലും ജയറാമിന്റെ അഭിനയത്തെ പ്രത്യേകം പ്രശംസിക്കുകയുണ്ടായി.
പ്രദീപ് കാളിപുറയത്തിന്റെ 'സേഫ്', അന്‍വര്‍ റഷീദിന്റെ 'ട്രാന്‍സ്', നിസാം ബഷീറിന്റെ 'കെട്ട്യോളാണ് എന്റെ മാലാഖ', സിദ്ദിഖ് പരവൂരിന്റെ 'താഹിറ', മുഹമ്മദ് മുസ്തഫയുടെ 'കപ്പേള' എന്നിവയാണ് ഫീച്ചര്‍ വിഭാഗം പനോരമയിലേക്ക് മലയാളത്തില്‍നിന്ന് ഇടം പിടിച്ചിരിക്കുന്ന സിനിമകള്‍. ഇതില്‍ 'കപ്പേള'യെ ഉള്‍പ്പെടുത്തിയിരിക്കുന്നത് മുഖ്യധാരാ സിനിമാ വിഭാഗത്തിലാണ്. ശരണ്‍ വേണുഗോപാലിന്റെ 'ഒരു പാതിരാസ്വപ്നം പോലെ' ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്നും ഇടംപിടിച്ച ചിത്രം.
ധനുഷും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെട്രി മാരന്റെ തമിഴ് ചിത്രം 'അസുരന്‍', അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് നായകനായ നിതേഷ് തിവാരിയുടെ 'ചിച്ചോറെ' തുടങ്ങിയവയും ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ചിട്ടുണ്ട്. വൈറസ് പശ്ചാത്തലത്തില്‍ മാറ്റിവച്ച ഇത്തവണത്തെ ഐഎഫ്എഫ്‌ഐ അടുത്ത വര്‍ഷം ജനുവരി 16 മുതല്‍ 24 വരെയാണ് നടത്തുക. നേരത്തെ നവംബര്‍ 20 മുതല്‍ 28 വരെ നടത്താനായിരുന്നു ആലോചിച്ചിരുന്നത്.