bjp

കൊൽക്കത്ത: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ പിടിക്കാൻ രണ്ടും കൽപ്പിച്ചിറങ്ങിയ ബി.ജെ.പി,​ മുഖ്യമന്ത്രി മമതാ ബാനർജിക്ക് വൻപ്രഹരം നൽകി തൃണമൂൽ കോൺഗ്രസിലെ ആറ് എം.എൽ.എമാരും എം.പിയും മുൻ എം.പിയും ഉൾപ്പെടെ ഒരു വിഭാഗത്തെ പിളർത്തി സ്വന്തം പാളയത്തിൽ എത്തിച്ചു. ഇവർക്ക് പുറമേ സി.പി.എം,​ സി.പി.ഐ,​ കോൺഗ്രസ് കക്ഷികളുടെ ഓരോ എം.എൽ.എയും ബി.ജെ.പിയിൽ ചേർന്നു. ബംഗാളിൽ സമീപകാലത്തെ ഏറ്റവും വലിയ കൂറുമാറ്റമാണിത്.

എതിർകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ വരുതിയിലാക്കാൻ ഏതറ്റം വരെയും പോകുന്ന തന്ത്രമാണ് ബി.ജെ.പി ബംഗാളിലും പയറ്റുന്നത്.

മമതയുമായി തെറ്റി നിന്ന മുൻമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലാണ് കൂറുമാറ്റം. ന്യൂനപക്ഷക്കാരുൾപ്പെടെ തൃണമൂലിന്റെ നിരവധി ജില്ലാ നേതാക്കളും മിഡ്‌നാപൂരിൽ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയിൽ ബി.ജെ.പി അംഗത്വം സ്വീകരിച്ചു.

തൃണമൂലിന്റെ സമുന്നത നേതാവായിരുന്ന സുവേന്ദു അധികാരി ബി.ജെ.പിയിൽ ചേർന്നത് അടുത്ത വർഷത്തെ നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സുപ്രധാന രാഷ്‌ട്രീയ സംഭവവികാസമാണ്. സുവേന്ദുവിന് പിന്നാലെ വരും നാളുകളിൽ തൃണമൂലിൽ നിന്ന് ബി.ജെ.പിയിലേക്ക് നേതാക്കളുടെ ഒഴുക്കുണ്ടായേക്കും.

തൃണമൂൽ എം.എൽ.എമാരായ ബാണശ്രീ മൈതി​,​ ബിശ്വജിത് കുണ്ടു​,​ സൈകത് പാഞ്ജ​,​ ശീൽഭദ്ര ദത്ത​,​ സുക്‌റ മുണ്ട​,​ ദിപാലി ബിശ്വാസ്,​​ എം.പിയായ സുനിൽകുമാർ, മുൻ എം.പി ദശരഥ് തിർക്കി,​ മുൻ മന്ത്രി ശ്യാമപ്രസാദ് മുക്കർജി എന്നിവരാണ് ബി.ജെ.പിയിലേക്ക് പോയത്. ഇവരിൽ ദിപാലി ബിശ്വാസ് 2016ൽ സി.പി.എം ടിക്കറ്റിലാണ് ജയിച്ചത്. 2018ൽ തൃണമൂലിൽ ചേർന്ന ഇവർ എം.എൽ.എ സ്ഥാനം രാജിവച്ചിരുന്നില്ല.

താപസി മണ്ടൽ (സി.പി.എം)​,​ അശോക് ദിൻഡ ( സി.പി.ഐ )​,​ സുദീപ് മുക്കർജി (കോൺഗ്രസ് )​ എന്നിവരാണ് ബി.ജെ പിയിൽ ചേ‌ർന്ന മറ്റ് എം.എൽ.എമാർ.

ഏറ്റമുട്ടൽ തുടരുന്നു

മമതാ ബാനർജിയുമായി ഏറ്റുമുട്ടിക്കൊണ്ടാണ് ബി.ജെ.പി തൃണമൂലിനെ തക‌ർക്കാൻ ശ്രമിക്കുന്നത്. ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി.നദ്ദയുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടതിന് മൂന്ന് ഐ.പി.എസ് ഓഫീസ‌മാരെ കേന്ദ്രം തിരിച്ചു വിളിച്ചതിന്റെ ഏറ്റമുട്ടലിനിടെയാണ് തൃണമൂലിലെ കൂറുമാറ്റം ആസൂത്രണം ചെയ്‌തത്.

ബംഗാളിൽ സുനാമി അടിക്കുകയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ഒറ്റയ്‌ക്കാകും. ബി.ജെ.പി തൃണമൂലിനെ തകർക്കാൻ ശ്രമിക്കുന്നു എന്നാണ് മമത പറയുന്നത്. എങ്കിൽ തൃണമൂൽ ആണോ മമതയുടെ യഥാർത്ഥ പാർട്ടി?​ അവർ കോൺഗ്രസിൽ നിന്ന് കാലുമാറിയല്ലേ തൃണമൂൽ സ്ഥാപിച്ചത്?​

കേന്ദ്ര മന്ത്രി അമിത് ഷാ