mars-

ചൊവ്വയുടെ ദക്ഷിണ ധ്രുവത്തിൽ മാലാഖയും ചെകുത്താനും ഒരേ സമയം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്; ഒപ്പം ഒരു ഹൃദയവും.! യൂറോപ്യൻ സ്പേസ് ഏജൻസിയാണ് ചൊവ്വയുടെ ഉപരിതലത്തിൽ ' മാലാഖ 'യെ സ്മരിപ്പിക്കുന്ന വിധത്തിലുള്ള ഈ രൂപം കണ്ടെത്തിയത്. ചൊവ്വയുടെ ദക്ഷിണ ധ്രുവത്തിലെ ഉപരിതലത്തിലെ രൂപാന്തരമായ ഇതിനെ മാർസ് എക്സ്പ്രസ് പേടകം ഉപയോഗിച്ചാണ് ഗവേഷകർ നിരീക്ഷിച്ചത്. 2004 മുതൽ ചൊവ്വയെ നിരീക്ഷിച്ച് വരികയാണ് ഈ പേടകം.

മാലാഖയുടെ ചിറകുകളെയും പ്രകാശവലയത്തെയും ഓർമിപ്പിക്കുന്ന തരത്തിലാണ് ഉപരിതലത്തിന്റെ ചിത്രം. തൊട്ടടുത്ത് തന്നെ ഹൃദയത്തിന്റെ രൂപവും കാണാം. ചൊവ്വയുടെ ഉപരിതലത്തിലെ വ്യത്യസ്ത തരത്തിലെ മണ്ണാണ് ഈ രൂപാന്തരങ്ങൾ വ്യത്യസ്ഥ നിറത്തിൽ പ്രത്യക്ഷപ്പെടാനുള്ള കാരണം. ചുവന്ന നിറത്തിൽ കാണപ്പെടുന്നത് ഉപരിതലത്തിലെ ഗർത്തങ്ങളാണ്. മാലാഖയുടെ തലയ്ക്ക് ചുറ്റും പ്രകാശവലയം എന്ന് തോന്നിപ്പിക്കുന്ന ഭാഗത്തേക്ക് സൂക്ഷിച്ചു നോക്കിയാൽ നമുക്ക് മനസിലാകും അവിടെ ഒരു ഗർത്തമുണ്ടെന്ന്.

mars-

ഛിന്നഗ്രഹങ്ങൾ ശക്തമായി ഇടിച്ചിറങ്ങിയതിലൂടെയാകാം ഉപരിതലത്തിൽ ഇത്തരം രൂപാന്തരം ഉണ്ടാകാൻ കാരണം. ' ഡസ്റ്റ് ഡെവിൾസ് ' എന്ന് വിളിക്കുന്ന ശക്തമായ കാറ്റും ഉപരിതലത്തിലെ രൂപാന്തരങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. ഉയർന്നും പൊങ്ങിയും പാറകൾ നിറഞ്ഞതുമായ ചൊവ്വയിലെ ഉപരിതലത്തിലെ രൂപാന്തരങ്ങൾ പലപ്പോഴും വാർത്തയിൽ ഇടംനേടിയിട്ടുണ്ട്. ഉപഗ്രഹങ്ങൾ പകർത്തിയ പാറകളുടെയും മറ്റും ചിത്രം കണ്ട് അന്യഗ്രഹജീവികളാണെന്ന് തെറ്റിദ്ധരിച്ചവർ പോലുമുണ്ട്.

ചൊവ്വയിലെ അസാധാരണമായ ഗർത്തങ്ങൾ ഭൂഗർഭ ഗുഹകളിലേക്ക് നയിക്കാമെന്നും ഗവേഷകർ കരുതുന്നു. പുരാതന അഗ്നിപർവത പ്രവർത്തനങ്ങളുടെ ഫലമായിട്ടാകാം ചൊവ്വയുടെ ഉപരിതലത്തിൽ ഇത്തരം ഇരുണ്ട നിറത്തിലെ നിക്ഷേപം ഉണ്ടായതെന്ന് കരുതുന്നു. ഛിന്നഗ്രഹങ്ങൾ ഇടിച്ചിറങ്ങുമ്പോഴോ, കഠിനമായ കാറ്റിന്റെ ഫലമായോ ചൊവ്വയുടെ ഉപരിതലത്തിനടിയിൽ മറഞ്ഞിരിക്കുന്ന ഈ ഇരുണ്ട ചുവപ്പ് നിറത്തിലുള്ള ഈ നിക്ഷേപങ്ങളെ കാണാൻ സാധിക്കുന്നു.