love-jihad

ല‌ക്‌നൗ: ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തനം തടയൽ നിയമപ്രകാരം അറസ്റ്റ് ചെയ്ത യുവാവിനെയും സഹോദരനെയും ജയിലിൽ നിന്ന് വിട്ടയയ്ക്കാൻ കോടതി ഉത്തരവിട്ടു. സംഭവം ലവ് ജിഹാദ് ആണെന്നതിന് തെളിവൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്.

അതേസമയം, സർക്കാർ അഭയകേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന യുവാവിന്റെ ഭാര്യയുടെ ഗർഭം അലസി. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് ചില കുത്തിവയ്പ്പുകൾ നൽകിയെന്നും അഭയകേന്ദ്രത്തിലെ പീഡനവും ആശുപത്രിയിലെ അനാസ്ഥയുമാണ് ഗർഭം അലസാൻ കാരണമായതെന്നുമാണ് ആരോപണം.

22കാരിയായ ഹിന്ദു യുവതിയും മുസ്ലിം യുവാവും തമ്മിലുള്ള വിവാഹം ലവ് ജിഹാദ് ആണെന്ന് ആരോപിച്ച് ബജ്റംഗ് ദൾ പ്രവർത്തകരാണ് പൊലീസിൽ പരാതി നൽകിയത്. നേരത്തെ മതാചാരപ്രകാരം വിവാഹിതരായ ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചതോടെയാണ് പൊലീസിൽ പരാതി എത്തിയത്.

തുടർന്ന് യുവാവിനെയും സഹോദരനെയും നിർബന്ധിത മതപരിവർത്തനം തടയൽ നിയമപ്രകാരം അറസ്റ്റ് ചെയ്തു. യുവതിയെ സർക്കാർ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ, 13 ദിവസം ജയിലിൽ അടച്ചിട്ടും യുവാവിനെതിരായ തെളിവുകളൊന്നും പൊലീസിന് ലഭിച്ചില്ല. തുടർന്നാണ് ഇവരെ വിട്ടയയ്ക്കാൻ കോടതി ഉത്തരവിട്ടത്.

ഇതിനിടെയാണ് ഗർഭം അലസിയെന്ന് 22കാരി പറഞ്ഞത്. ഗർഭിണിയായിരുന്ന യുവതിയെ കടുത്ത വേദനയും രക്തസ്രാവവും ഉണ്ടായതിനെ തുടർന്നാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ വച്ച് ഗർഭം അലസിപ്പോയെന്നാണ് യുവതിയുടെ ആരോപണം.

സ്വകാര്യ ലാബിൽ നടത്തിയ സ്‌കാനിംഗിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, സ്വകാര്യ ലാബിലെ സ്‌കാനിംഗ് റിപ്പോർട്ടിൽ സംശയമുണ്ടെന്നും ഇക്കാര്യത്തിൽ വിശദമായ പരിശോധന ആവശ്യമാണെന്നുമായിരുന്നു ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം.