
തിരുവനന്തപുരം: ഒരു കക്ഷിയുടെ നേതൃത്വത്തിൽ ആര് വേണം എന്ന് മറ്റൊരു കക്ഷി നിർദേശം വെക്കുന്നത് രാഷ്ട്രീയത്തിലെ വിചിത്ര അനുഭവമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പരാമർശം തീരെ വിലകുറഞ്ഞതാണെന്നും കെ.പി.സി.സി അദ്ധ്യക്ഷന്റെ കാര്യത്തിൽ ലീഗ് അഭിപ്രായം പറഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
"കെ.പി.സി.സി അദ്ധ്യക്ഷന്റെ കാര്യത്തിൽ ലീഗ് അഭിപ്രായം പറഞ്ഞിട്ടില്ല. മറ്റൊരു പാർട്ടിയുടെ ആഭ്യന്ത ര കാര്യങ്ങളിൽ ലീഗ് ഇടപെടില്ല." പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി കാഡുകൾ മാറ്റിക്കളിക്കുകയാണെന്നും പുതിയ കാർഡുമായി ഇറങ്ങിയാൽ മുഖ്യമന്ത്രിയുടെ കണക്കുകൾ തെറ്റുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പ്രതിപക്ഷ നേതാക്കളുടെ സംയുക്ത വാർത്താ സമ്മേളനത്തിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.