mg-vaidya

മുംബയ്: രാഷ്ട്രീയ സ്വയം സേവക് സംഘ് സൈദ്ധാന്തികനും ആർ.എസ്.എസിന്റെ ആദ്യ വക്താവുമായിരുന്ന എം.ജി.വൈദ്യ ( മാധവ് ഗോവിന്ദ് വൈദ്യ, 97) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ട് 3.35ഓടെയായിരുന്നു അന്ത്യം. ഇന്ന് രാവിലെ 9.30ന് നാഗ്പൂരിലെ അംബസാരി ഘട്ടിലാണ് സംസ്കാരം. അദ്ദേഹത്തിന് നേരത്തെ കൊവിഡ് ബാധിച്ചിരുന്നെങ്കിലും രോഗമുക്തി നേടിയിരുന്നു.

തികഞ്ഞ ഹിന്ദുത്വവാദിയായിരുന്ന വൈദ്യ, സ്കൂൾ പഠനകാലത്താണ് ആർ.എസ്.എസ് വോളന്റിയറാകുന്നത്. ഒമ്പതു പതിറ്റാണ്ടുകളായി കറകറഞ്ഞ ആർ.എസ്.എസ് പ്രവർത്തകനായിരുന്നു.

1978-84 കാലയളവിൽ എം.എൽ.എയായിരുന്നു. പത്രപ്രവർത്തകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തരൺ ഭാരത് എന്ന മറാത്തി പത്രത്തിന്റെ ചീഫ് എഡിറ്റായിരുന്നു. നാഗ്പൂർ സർവകലാശാലയിൽ സെനറ്റംഗമായും പ്രവർത്തിച്ചു.

കഴിഞ്ഞ ജനുവരിയിൽ മഹാരാഷ്ട്ര നാലായി വിഭജിക്കണമെന്ന വൈദ്യയുടെ നിർദ്ദേശം വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ സുനന്ദ. ആർ.എസ്.എസ് ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ ഉൾപ്പെടെ അഞ്ച് ആൺമക്കളും മൂന്നു പെൺമക്കളുമുണ്ട്.

വൈദ്യയുടെ നിര്യാണത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അനുശോചനം രേഖപ്പെടുത്തി.