wistron

ബംഗളൂരു: കരാറടിസ്ഥാനത്തിൽ ഐഫോണുകൾ നിർമ്മിച്ച് നൽകുന്ന തായ്‌വാൻ കമ്പനി വിസ്‌ട്രോണിന് താത്കാലിക വിലക്ക് ഏർപ്പെടുത്തി ആപ്പിൾ. തത്കാലം പുതിയ ഓർഡറുകളൊന്നും വിസ്‌ട്രോണിന് ആപ്പിൾ നൽകില്ല.

വിസ്‌ട്രോണിന്റെ, കർണാടകയിലെ കോലാർ ജില്ലയിലെ നരസാപുര ഫാക്‌ടറിയിൽ ഡിസംബർ 12ന് ജീവനക്കാർ അക്രമം അഴിച്ചുവിട്ടിരുന്നു. അനുവദനീയമായതിലും കൂടുതൽ ജീവനക്കാരെ ഫാക്‌ടറിയിൽ നിയമിച്ച വിസ്‌ട്രോൺ, അധികസമയം ജോലിയെടുപ്പിച്ചെന്നും ശമ്പളം നൽകിയില്ലെന്നും കർണാടക സർക്കാരിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശമ്പള, ഹാജർ കണക്കുകളും കമ്പനി സൂക്ഷിച്ചിരുന്നില്ല.

ശമ്പളക്കുടിശികയെ ചൊല്ലിയായിരുന്നു ജീവനക്കാരുടെ അക്രമം. ഫാക്‌ടറിയിലെ ഉപകരണങ്ങളും മറ്റും തകർത്ത ജീവനക്കാർ 50 കോടി രൂപയുടെ നഷ്‌ടമുവുണ്ടാക്കി. ഫാക്‌ടറി പൂട്ടുകയും ചെയ്‌തു. സംഭവം ആശങ്കപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, പ്രധാനമന്ത്രി മോദിയും ദുഃഖിതനാണെന്ന് പറഞ്ഞിരുന്നു.

ഐഫോൺ നിർമ്മാണ കരാറിലെ തൊഴിൽ ചട്ടങ്ങൾ (സപ്ളയർ കോഡ് ഒഫ് കോണ്ടക്‌ട്) വിസ്‌ട്രോൺ ലംഘിച്ചുവെന്ന് ആപ്പിളും കണ്ടെത്തിയിരുന്നു.

വിസ്‌ട്രോണിന്റെ തുടർ പ്രവർത്തനങ്ങൾ നിരീക്ഷിക്കുമെന്നും (പ്രൊബേഷൻ) ചട്ടംപാലിക്കുന്ന മുറയ്ക്കേ പുതിയ ഓർഡറുകൾ നൽകൂവെന്നും ആപ്പിൾ വ്യക്തമാക്കി.

വീഴ്‌ച സമ്മതിച്ച് വിസ്‌ട്രോൺ

 ഇന്ത്യാ വൈസ് പ്രസിഡന്റിനെ നീക്കി

ബംഗളൂരു പ്ലാന്റിന്റെ നടത്തിപ്പിൽ വീഴ്‌ചയുണ്ടായെന്ന് വിസ്‌ട്രോണിന്റെ കുറ്റസമ്മതം. ഒരു വിഭാഗം ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാതിരുന്നത് വീഴ്‌ചയാണെന്ന് സമ്മതിച്ച വിസ്ട്രോൺ ജീവനക്കാരോട് മാപ്പുംപറഞ്ഞു. ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന വൈസ് പ്രസിഡന്റ് വിൻസെന്റ് ലീയെ കമ്പനി പുറത്താക്കുകയും ചെയ്‌തു.

നരസാപുര ഫാക്‌ടറി

ആപ്പിൾ ഐഫോൺ എസ്.ഇ., പഴയ ഐഫോൺ മോഡലുകൾ എന്നിവയാണ് ഇവിടെ വിസ്‌ട്രോൺ നിർമ്മിക്കുന്നത്. ലെനോവോ, മൈക്രോസോഫ്‌റ്റ് ഉത്‌പന്നങ്ങൾ എന്നിവയും ഇവിടെ കമ്പനി നിർമ്മിക്കുന്നുണ്ട്.