
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി എടുക്കുന്നതിന് വേണ്ടി കേരള പൊലീസ് സംസ്ഥാന വ്യാപകമായി നടത്തുന്ന റെയ്ഡായ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി പൊലീസ് ഡേറ്റാ ബേസ് തയ്യാറാക്കി. 350 പേർക്കെതിരായ വിവരങ്ങളും തെളിവുകളും ഉൾപ്പെടുത്തിയാണ് ഡേറ്റാ ബേസ് തയ്യാറാക്കിയിരിക്കുന്നത്. കുട്ടികൾക്കു നേരെയുള്ള ലൈംഗിക ചൂഷണം തടയുന്നതിനായുള്ള കേരള പൊലീസിന്റെ കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്‌സ‌്പ്ളോയിറ്റേഷൻ സെന്റർ ആണ് ഡേറ്റാ ബേസിന് പിറകിൽ. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി ഒക്ടോബറിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ ഐ.ടി വിദഗ്ദ്ധരടക്കം 41 പേർ അറസ്റ്റിലായിരുന്നു.
ഡാർക്ക് നെറ്റ് സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിലും കുട്ടികളുടെ ലൈംഗിക ചൂഷണ ചിത്രങ്ങളും ദൃശ്യങ്ങളും അപ്‌ലോഡ് ചെയ്യുന്നവരാണ് ഡേറ്റാ ബേസിലുള്ളത്. ഇവരിൽ പകുതിയും മുമ്പും സമാന കുറ്റങ്ങൾ ചുമത്തപ്പെട്ടവരാണ്. ശേഷിക്കുന്നവർ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടവരാണ്.
കൊവിഡ് കാലത്ത് കുട്ടികൾക്കെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവാണ് ഉണ്ടായതെന്ന് സൈബർഡോമിന്റെ ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു. കൊവിഡ് വ്യാപനം തടയാൻ രാജ്യത്തേർപ്പെടുത്തിയ ലോക്ക് ഡൗൺ കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങളുണ്ടായത് കേരളത്തിലാണെന്നാണ് റിപ്പോർട്ട്. ഐടി സെക്യൂരിറ്റി സൊല്യൂഷൻസ് പ്രൊവൈഡറായ കെ7 കമ്പ്യൂട്ടിംഗിന്റെ കണക്ക് അനുസരിച്ച് രണ്ടായിരത്തോളം സൈബർ കുറ്റകൃത്യങ്ങളാണ് ലോക്ക്‌ഡൗൺ കാലത്ത് കേരളത്തിലുണ്ടായത്. പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇത്തരം സൈറ്റുകളുടെ ഐ.പി വിലാസം ശേഖരിക്കുകയും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ അത്തരം ചിത്രങ്ങൾ പങ്കിടുന്ന വ്യക്തികളെ വ്യത്യസ്ത ഉപകരണങ്ങൾ ഉപയോഗിച്ച് കണ്ടെത്തുകയുമാണ് പൊലീസ് ചെയ്യുന്നത്. ഇതിനുപുറമെ ദേശീയ ക്രൈം റെക്കാഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി വഴി) ലഭിച്ച റിപ്പോർട്ടുകളും വിശകലനം ചെയ്താണ് പൊലീസ് നടപടികൾ സ്വീകരിക്കുന്നത്.
പുതിയ സൈബർ ആയുധങ്ങൾ
അതേസമയം, സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ അത്യാധുനിക ഉപകരണങ്ങളുടെ സഹായം തേടുന്നത് പൊലീസിന് വലിയ തലവേദനയായിട്ടുണ്ട്. പൊലീസിന്റെ പട്ടികയിലുള്ള കുറ്റവാളികൾ എല്ലാം തന്നെ തങ്ങളുടെ ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കൃത്യമായ ഇടവേളകളിൽ ഫോർമാറ്റ് ചെയ്യുന്നതിനാൽ പൊലീസിന് ഇവരെ പിന്തുടർന്ന് കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. ബാല ലൈംഗിക ചൂഷണങ്ങളുടെ ദൃശ്യങ്ങൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ ചാറ്റ് റൂമുകൾ പൊലീസിന്റെ സൈബർ വിഭാഗത്തിന്റെ കർശന നിരീക്ഷണത്തിലാണ്.