amit-shah-

കൊല്‍ക്കത്ത: ബംഗാളില്‍ വിജയം രചിക്കാൻ അമിത് ഷാ. ബിജെപിക്ക് അഞ്ച് വര്‍ഷം നല്‍കിയാല്‍ ബംഗാളിനെ സുവര്‍ണ ബംഗാളാക്കി നല്‍കാമെന്നാണ് വാഗ്ദാനം. ബംഗാള്‍ സന്ദര്‍ശന വേളയില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന് 30 വര്‍ഷവും കമ്യൂണിസ്റ്റുകാര്‍ക്ക് 27 വര്‍ഷവും മമതയ്ക്ക് 10 വര്‍ഷവും കൊടുത്തില്ലേ? ബിജെപിക്ക് അഞ്ച് വര്‍ഷം നല്‍കിയാല്‍ ബംഗാളിനെ സുവര്‍ണ ബംഗാളാക്കി നല്‍കാം, എന്നാണ് അമിത് ഷായുടെ വാഗ്ദാനം. ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അമിത് ഷായുടെ സന്ദര്‍ശനം. ടാഗോറിന്റെയും ചന്ദ്ര വിദ്യാസാഗറിന്റെയും ശ്യാമപ്രസാദ് മുഖര്‍ജിയുടെയും ജന്മനാടിനു മുന്നില്‍ തല കുമ്പിടുന്നു എന്നായിരുന്നു യാത്രയ്ക്ക് മുന്നോടിയായി അമിത് ഷാ ട്വീറ്റ് ചെയ്തത്.

അതെസമയം, അമിത് ഷായ്ക്ക് ബംഗാളിന്റെ രാഷ്ട്രീയം അറിയില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബാനര്‍ജി പറഞ്ഞു. മമത മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അമിത് ഷായുടെ സന്ദര്‍ശനത്തിനു മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരി പാര്‍ട്ടി വിട്ടിരുന്നു. ഇതിനു പിന്നാലെ സുവേന്ദുവിന്റെ ചിത്രത്തില്‍ ചെരുപ്പുമാല അണിയിച്ച ബോര്‍ഡുകള്‍ വഴിയരുകില്‍ പ്രത്യക്ഷപ്പെട്ടു. അമിത് ഷായുടെ സാന്നിധ്യത്തില്‍ ഇദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചു.

സുവേന്ദു അധികാരി ഉള്‍പ്പെടെ പത്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വേദിയില്‍ വെച്ച് ബിജെപി അംഗത്വം സ്വീകരിച്ചെന്നാണ് ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവാണ് സുവേന്ദു അധികാരി.