kochi-corporation

കൊച്ചി: ഏത് വിധേനയും കൊച്ചി കോർപ്പറേഷൻ ഭരണം പിടിക്കണമെന്നുള്ള യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിന് തിരിച്ചടി. കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായി മത്സരിച്ച സനിൽമോൻ ജോസ് ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് യു.ഡി.എഫിന്റെ ആശകൾക്ക് തട വീണത്. ഇതോടെ കോർപ്പറേഷൻ എൽ.ഡി.എഫ് തന്നെ ഭരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

സുസ്ഥിരമായി മുന്നോട്ട് പോകുന്ന ഭരണത്തിന് വേണ്ടിയാണ് താൻ എൽ.ഡി.എഫിനെ ഉപാധികൾ കൂടാതെ പിന്തുണച്ചതെന്നും സനിൽമോൻ മാദ്ധ്യമങ്ങളോട് പറഞ്ഞു..കൽവത്തിയില്‍ ജയിച്ച ലീഗ് വിമതന്‍ ടി കെ അഷ്‌റഫ് ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫിന് പിന്തുണ നല്‍കുന്നവര്‍ക്ക് ഓരോ വര്‍ഷം വീതം മേയര്‍ പദവി വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൊച്ചി വെസ്റ്റ് പനയപ്പിള്ളി എട്ടാം വാര്‍ഡില്‍ നിന്നുംസ്വതന്ത്രനായാണ് സനില്‍ മോന്‍ മത്സരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ എസ് യേശുദാസിനെ 162 വോട്ടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇടതുസ്വതന്ത്ര സ്ഥാനാർത്ഥി സുനിത രൂപേഷ് ഇതോടെ മൂന്നാം സ്ഥാനത്തായിരുന്നു.

സിപിഐഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന നേതാവുമായ എം അനില്‍കുമാറാണ് മേയര്‍ സ്ഥാനത്തേക്ക് എത്തുകന്നത് മൊത്തം 74 അംഗങ്ങളാണ് കൊച്ചി കോർപ്പറേഷനിലുള്ളത്.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 31 സീറ്റും എല്‍ഡിഎഫ് 34 സീറ്റുമാണ് നേടിയിരുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്‍ അഞ്ച് പേരും നാല് വിമതരും കൗണ്‍സിലര്‍മാരായി. ഇരുമുന്നണിയേയും പിന്തുണയ്ക്കാനാകാതെ എന്‍ഡിഎ മാറി നിന്നതോടെ 69 സീറ്റിലെ കേവല ഭൂരിപക്ഷം 35 ആയി. ഒരാളെ പിടിക്കാന്‍ എല്‍ഡിഎഫും നാല് പേരെ പിടിക്കാന്‍ യുഡിഎഫും ശ്രമം നടത്തി വരികയായിരുന്നു.