
സാവോ പോളോ : ' ആളുകൾ മുതലയായി മാറാം. സ്ത്രീകൾക്ക് താടി വളരാം. പുരുഷൻമാർ സ്ത്രീകളുടെ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങും. എന്തു വന്നാലും നിങ്ങളുടെ മാത്രം കുഴപ്പമാണ്. കമ്പനിക്ക് ഉത്തരവാദിത്തം ഇല്ല.! ' വാക്സിന്റെ പാർശ്വഫലങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയില്ലെന്ന ഫൈസർ കമ്പനിയുടെ നിലപാടിനെതിരെ ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയുടെ പരിഹാസത്തോടെയുള്ള പ്രതികരണമാണിത്.
ബ്രസീലിൽ കഴിഞ്ഞ ദിവസം മുതൽ സൗജന്യ വാക്സിൻ വിതരണം ആരംഭിച്ച പശ്ചാത്തലത്തിലാണ് ബൊൽസൊനാരോയുടെ പ്രതികരണം. വാക്സിൻ സ്വീകരിക്കാൻ ആരെയും നിർബന്ധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. താൻ വാക്സിൻ സ്വീകരിക്കില്ല എന്ന് ബൊൽസൊനാരോ നേരത്തെ പറഞ്ഞിരുന്നു.
എന്നാൽ ഇത് തെറ്റായ സന്ദേശം നൽകുന്നുവെന്ന് ചിലർ പറയുന്നുണ്ടെന്നും ശരിക്കും തനിക്ക് നേരത്തെ രോഗബാധിച്ചതിനാൽ ശരീരത്ത് ആന്റിബോഡിയുണ്ടെന്നും അതിനാൽ വാക്സിന്റെ ആവശ്യമില്ലെന്നുമാണ് ബൊൽസൊനാരോയുടെ അവകാശവാദം. അതേ സമയം, വാക്സിനേഷനെതിരെ ആളുകളിൽ മിഥ്യാധാരണയുണ്ടാക്കുന്ന തരത്തിലുള്ള ബൊൽസൊനാരോയുടെ വിവാദ പരാമർശത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.