vaccine

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിടവെ, ഇന്ത്യയിൽ കൊവിഡ് വാക്സിന് അനുമതി നൽകാനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധൻ പറഞ്ഞു. ആറ് - ഏഴ് മാസത്തിനുള്ളിൽ 30 കോടി പേർക്ക് വാക്സിൻ കുത്തിവയ്ക്കാനാകും. കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നെങ്കിലും ഇന്ത്യയിലെ രോഗമുക്തി നിരക്ക് (95.50ശതമാനം) ലോകത്ത് തന്നെ ഏറ്റവും ഉയർന്നനിലയിലാണെന്നും മന്ത്രിതല യോഗത്തിൽ അദ്ദേഹം പറഞ്ഞു.

അതേസമയം ചികിത്സയിലുള്ളവരുടെ എണ്ണം ആകെ രോഗികളുടെ 3.09 ശതമാനത്തിൽ താഴെ മാത്രമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവിൽ ചികിത്സയിൽ കഴിയുന്നത് 3.08 ലക്ഷം പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,152 രോഗികൾ. 29,885 പേർക്ക് രോഗം ഭേദമായി. 347 പേർ മരിച്ചു. കൊവിഡ് പരിശോധനകളുടെ എണ്ണം 16 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,71,868 സാമ്പിളുകളാണ് പരിശോധിച്ചത്. 6.25 ശതമാനമാണ് ദേശീയ രോഗ സ്ഥിരീകരണ നിരക്ക്.

അമേരിക്കയിലാണ് കൊവിഡ് ബാധിതരുടെ എണ്ണം ആദ്യമായി ഒരു കോടി കടന്നത്. 325 ദിവസമെടുത്താണ് ഇന്ത്യയിൽ രോഗബാധിതർ ഒരു കോടിയായത്.

 ഡൽഹിയിൽ കൊവിഡിന്റെ മൂന്നാം തരംഗം അവസാനിക്കുന്നതായി മുഖ്യമന്ത്രി കേജ്‌രിവാൾ പറഞ്ഞു. 90,000ത്തോളം പരിശോധന പ്രതിദിനം നടത്തുന്നുണ്ട്. ഇത് ഏറ്റവും ഉയർന്ന നിരക്കാണ്.

 വിമർശിച്ച് രാഹുൽ

കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. അപ്രതീക്ഷിത ലോക്ക്ഡൗൺ രാജ്യത്തെ ലക്ഷക്കണക്കിന് പേരുടെ ജീവിതം നശിപ്പിച്ചെന്ന് രാഹുൽ കുറ്റപ്പെടുത്തി. മഹാഭാരത യുദ്ധം 18 ദിവസം കൊണ്ടാണ് വിജയിച്ചതെന്നും കൊവിഡിനെതിരായ യുദ്ധം 21 ദിവസമെടുക്കുമെന്ന ലോക്ക്ഡൗൺ പ്രഖ്യാപന സമയത്തെ മോദിയുടെ പ്രസംഗത്തെയും രാഹുൽ പരിഹസിച്ചു.