chilean-president

സാന്റിയാഗോ: വൈറസ് കാലത്ത് മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങിയാല്‍ പ്രസിഡന്റാണെങ്കിലും പിടി വീഴും. ചിലിയില്‍ മാസ്‌ക് ഇല്ലാതെ സെല്‍ഫിയെടുത്തതിന്റെ പേരില്‍ പ്രസിഡന്റിന് പിഴയായി ചുമത്തിയത് രണ്ടര ലക്ഷത്തോളം രൂപയാണ്.

വൈറസ് രോഗബാധയെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളാണ് ചിലിയില്‍ ഉള്ളത്. മാസ്‌ക് ധരിക്കാതെ പൊതുഇടങ്ങളില്‍ നില്‍ക്കുന്നതിന് കര്‍ശന വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പിഴ ഈടാക്കുന്നത് മുതല്‍ ജയില്‍ വാസം വരെ സര്‍ക്കാര്‍ മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടയിലാണ് പ്രസിഡന്റ് തന്നെ നിയമം ലംഘിച്ചത്. ബീച്ചില്‍ എത്തിയ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര മാസ്‌ക് ഇല്ലാതെ യുവതിക്കൊപ്പം സെല്‍ഫിയെടുക്കുകയായിരുന്നു. പ്രസിഡന്റിന്റെ മാസ്‌ക് ഇല്ലാത്ത ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വിവാദമായി. തുടര്‍ന്ന് പിനേര പൊതു സമക്ഷം മാപ്പും പറഞ്ഞു.

വസതിക്ക് സമീപമുള്ള ബീച്ചില്‍ തനിച്ച് നടക്കാനിറങ്ങിയ തന്നെ തിരിച്ചറിഞ്ഞ ഒരു സ്ത്രീ ആവശ്യപ്പെട്ടിട്ടാണ് സെല്‍ഫി എടുത്തതെന്നാണ് പ്രസിഡന്റിന്റെ വിശദീകരണം. സെല്‍ഫിയില്‍ പ്രസിഡന്റിന്റെ വളരെ അടുത്ത് നില്‍ക്കുന്ന സ്ത്രീയും മാസ്‌ക് ധരിച്ചിരുന്നില്ല. സംഭവം വിവാദമായതോടെയാണ് പ്രസിഡന്റിന് പിഴ ചുമത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. 35,00 ഡോളറാണ് പിഴ. ഇത് ഏകദേശം രണ്ടര ലക്ഷത്തോളം വരും. 581,135 വൈറസ് രോഗബാധ കേസുകളാണ് ചിലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 16,051 പേര്‍ ഇതിനകം മരണപ്പെട്ടു.