
ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം (2020-21) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ച നെഗറ്റീവ് 7.4 ശതമാനമായിരിക്കുമെന്ന് എസ്.ബി.ഐയുടെ സാമ്പത്തിക ഗവേഷണ വകുപ്പിന്റെ വിലയിരുത്തൽ. ഇന്ത്യ നെഗറ്റീവ് 10.9 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നാണ് വകുപ്പ് നേരത്തേ വിലയിരുത്തിയിരുന്നത്. എന്നാൽ, കഴിഞ്ഞമാസങ്ങളിൽ സമ്പദ്‌പ്രവർത്തനങ്ങൾ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടതാണ് ഇടിവിന്റെ ആഘാതം കുറയുമെന്ന് കണക്കാക്കാൻ കാരണം.
നടപ്പുവർഷത്തെ അവസാനപാദമായ ജനുവരി-മാർച്ചിൽ നിന്ന് കുറഞ്ഞത് ഏഴുപാദങ്ങൾകൊണ്ടേ ഇന്ത്യയുടെ ജി.ഡി.പി, കൊവിഡിന് മുമ്പത്തെ സ്ഥിതിയിലേക്ക് തിരിച്ചെത്തൂ. ഇക്കാലയളവിൽ ജി.ഡി.പിയിൽ ഉണ്ടാവുന്ന നഷ്‌ടം ഒമ്പത് ശതമാനമായിരിക്കും. നടപ്പുവർഷം ഏപ്രിൽ-ജൂൺ, ജൂലായ് - സെപ്‌തംബർ പാദങ്ങളിലെ ജി.ഡി.പി നഷ്‌ടം ഏകദേശം 13 ലക്ഷം കോടി രൂപയോളമാണ്.
നടപ്പുപാദത്തിൽ (ഒക്‌ടോബർ-ഡിസംബർ) പ്രതീക്ഷിക്കുന്ന ജി.ഡി.പി വളർച്ച ഏകദേശം പോസിറ്റീവ് 0.1 ശതമാനമാണ്. അടുത്തവർഷം (2021-22) വളർച്ച പോസിറ്റീവ് 11 ശതമാനത്തിലേക്ക് മെച്ചപ്പെടുമെന്നും വകുപ്പ് പ്രസിദ്ധീകരിച്ച 'എക്കോറാപ്പ്" എന്ന റിപ്പോർട്ടിലുണ്ട്.