lorry

പാലക്കാട്: വാളയാർ ദേശീയപാതയിൽ നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ടിപ്പറിടിച്ച് രണ്ടുപേർ മരിച്ചു. ടിപ്പർ ഡ്രൈവർ കൊടുങ്ങല്ലൂർ സ്വദേശി രാജേഷ്(40), തമിഴ്‌നാട് സ്വദേശി കുളന്തവേൽവേലു (43) എന്നിവരാണ് മരിച്ചത്. വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.

കോയമ്പത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറി രാത്രി വിശ്രമിക്കാനായി എക്‌സൈസ് ചെക്ക് പോസ്റ്റിന് എതിർവശത്ത് നിറുത്തിയിട്ടിരുന്നു. ഇതിലേക്കാണ് ടിപ്പറിടിച്ചുകയറിയത്. രാജേഷ് സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറി മുന്നോട്ട് നീങ്ങി മുന്നിൽ നിറുത്തിയ മറ്റൊരു ചരക്ക് ലോറിയിൽ ഇടിച്ചു. ഈ ലോറിയിലുണ്ടായിരുന്ന തമിഴ്നാട് വീരരാജപ്പേട്ട സ്വദേശി കുളന്തവേൽ റോഡിൽ തെറിച്ച് വീണാണ് മരിച്ചത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസമുണ്ടായി.