
ഹൈദരാബാദ്: ഇന്ത്യ ഇപ്പോൾ ഒരു ദുർബല രാജ്യമല്ലെന്നും ഏത് തരത്തിലുള്ള അതിർത്തി ലംഘനത്തിനും ശക്തമായ മറുപടി നൽകാൻ രാജ്യത്തിന് കഴിയുമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ദുണ്ടിഗലിലെ വ്യോമസേനാ കേന്ദ്രത്തിൽ കംബൈൻഡ് ഗ്രാജ്വേഷൻ പരേഡിനിടെ പുതിയ കേഡറ്റുമാരെ അഭിസംബോധന ചെയ്യുകയയാിരുന്നു അദ്ദേഹം.
ഏത് പ്രശ്നവും ചർച്ചയിലൂടെ പരിഹരിക്കുക എന്നതാണ് നമ്മുടെ നയമെങ്കിലും ഒരു തരത്തിലുള്ള അതിർത്തി ലംഘനവും പുതിയ ഇന്ത്യ അംഗീകരിക്കില്ല. രാജ്യം കൊവിഡ് വ്യാപനം നേരിടുന്നതിനിടെ ചൈന അവരുടെ തെറ്റായ താത്പര്യങ്ങൾ അതിർത്തിയിൽ പ്രകടമാക്കി. എന്നാൽ അവർക്ക് ശക്തമായ തിരിച്ചടി നൽകി. ഇന്ത്യ ഇപ്പോൾ ഒരു ദുർബല രാജ്യമല്ലെന്ന് അവരെ ബോധ്യപ്പെടുത്തി. ചൈനയുമായി ഉണ്ടായ സംഘർഷത്തിനിടെ നിരവധി രാജ്യങ്ങൾ ഇന്ത്യയെ പ്രശംസിക്കുകയുണ്ടായി. സമാധാനത്തിലും ചർച്ചയിലുമാണ് ഇന്ത്യ വിശ്വസിക്കുന്നത്. ഇരു രാജ്യങ്ങളും നയതന്ത്ര ഉഭയകക്ഷി ചർച്ചകളുടെ വഴിയിലാണ് ഇപ്പോൾ. നാം ആഗ്രഹിക്കുന്നത് സംഘർഷമല്ല, ചർച്ചയാണെന്ന് ഒരിക്കൽകൂടി ആവർത്തിക്കുകയാണ്. എന്നാൽ ഇന്ത്യയുടെ പരമാധികാരത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ല. അത്തരം നീക്കങ്ങളുണ്ടായാൽ കനത്ത തിരിച്ചടി നൽകാൻ നാം സർവസജ്ജരാണ്.
പാകിസ്ഥാനെയും രാജ്നാഥ് സിംഗ് രൂക്ഷമായി വിമർശിച്ചു.
ഇന്ത്യയുമായി നാല് യുദ്ധങ്ങളിൽ പരാജയപ്പെട്ടുവെങ്കിലും നമ്മുടെ അയൽരാജ്യം പാഠം പഠിക്കാൻ തയ്യാറായില്ല. ഭീകരതയ്ക്ക് പ്രോത്സാഹനം നൽകികൊണ്ട് അവർ ഇപ്പോഴും ഇന്ത്യയ്‌ക്കെതിരെ നിഴൽയുദ്ധം തുടരുകയാണ്. ഭീകരർക്കെതിരെ ഇന്ത്യൻ സായുധ സേനകൾ വിശ്രമമില്ലാത്ത പോരാട്ടമാണ് നടത്തിക്കൊണ്ടിക്കുന്നത്. കരയിലും കടലിലും ആകാശത്തുമുള്ള ഏത് പോരാട്ടത്തിനും സൈന്യം സജ്ജമായിരിക്കണം. സൈബർ യുദ്ധ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ അതും നേരിടാൻ നാം തയ്യാറായിരിക്കണം.
റഫാൽ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ആത്മവിശ്വാസവും കരുത്തും വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി, എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ബദൗരിയ തുടങ്ങിയവരും പരേഡിൽ പങ്കെടുത്തു.