
വേലന്താവളം മോട്ടോർ വാഹന ചെക്ക്പോസ്റ്റിലെ പരിശോധനയിൽ എ.എം.വി.ഐയിൽ നിന്നും പിടിച്ചെടുത്ത കൈക്കൂലി പണം
ചിറ്റൂർ: കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ വിജിലൻസ് ഓടിച്ചിട്ട് പിടികൂടി. വേലന്താവളം മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ നടന്ന വിജിലൻസ് പരിശോധനയ്ക്കിടെയാണ് അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്‌പെക്ടർ വി.കെ.ഷംസീറിൽ നിന്നും അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 51,150 രൂപ പിടികൂടിയത്. സെല്ലോ ടേപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു പണം. ശനിയാഴ്ച രാവിലെയാണ് സംഭവം. വിജിലൻസ് ഡിവൈ.എസ്.പി എസ്.ഷംസുദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വിജിലൻസ് സംഘത്തെ കണ്ടതും ഓടിരക്ഷപെടാൻ ശ്രമിച്ച ഷംസീറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. അന്യസംസ്ഥാന വാഹന ഡ്രൈവർമാരിൽ നിന്നു കൈക്കൂലിയായി വാങ്ങിയ പണമാണെന്ന് വിജിലൻസ് വ്യക്തമാക്കി.