
ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാണം കെട്ട തോൽവി
രണ്ടാം ഇന്നിംഗ്സിൽ നേടാനായത് 36 റൺസ് മാത്രം
ആസ്ട്രേലിയക്ക് 8 വിക്കറ്റിന്റെ ജയം
അഡ്ലെയ്ഡ്: ആസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സിൽ വെറും 36 റൺസ് മാത്രം (36/9) നേടാനായ ഇന്ത്യയ്ക്ക് 8 വിക്കറ്റിന്റെ നാണംകെട്ട തോൽവി. ഇന്ത്യ ഉയർത്തിയ 90 റൺസിന്റെ വിജയലക്ഷ്യം 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്ന ആസ്ട്രേലിയ ഡേ-നൈറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം തന്നെ തകർപ്പൻ ജയം സ്വന്തമാക്കുകയായിരുന്നു. സ്കോർ : ഇന്ത്യ: 244/10 & 36/9. ആസ്ട്രേലിയ 191/10, 93/2. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആസ്ട്രേലിയയ്ക്ക് 30 പോയിന്റ് ലഭിച്ചു. ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോറാണിത്.
ആസ്ട്രേലിയയെ ഒന്നാം ഇന്നിംഗ്സിൽ 191 റൺസിന് ആൾഔട്ടാക്കിയതിന്റെ ആത്മവിശ്വാസവുമായി മൂന്നാം ദിനം 9/1 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് പക്ഷേ തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. 5 വിക്കറ്റ് നേടിയ ഹാസൽവുഡും 4 വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കുമാണ് ഇന്ത്യയെ വൻ നാണക്കേടിലേക്ക് തള്ളിവിട്ടത്. ലാസ്റ്റ്മാൻ മുഹമ്മദ് ഷമി കമ്മിൻസിന്റെ പന്തിൽ പരിക്കേറ്റ് മടങ്ങിയതിനാലാണ് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് ആൾഔട്ടാകാതെ 36/9ൽ അവസാനിച്ചത്.
ഇന്നലത്തെ രണ്ടാമത്തെ ഓവറിൽത്തന്നെ നൈറ്റ് വാച്ച്മാൻ ജസ്പ്രീത് ബുംറയെ കമ്മിൻസ് റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കി. അധികം വൈകാതെ കരുത്തരായ ചേതേശ്വർ പൂജാര (0) വിരാട് കൊഹ്ലി (4) എന്നിവരേയും കമ്മിൻസ് പുറത്താക്കി. എറിയാനെത്തിയ ആദ്യ പന്തിൽ തന്നെ മായങ്ക് അഗർവാളിനെ പെയിനിന്റെ കൈയിൽ എത്തിച്ച് ജോഷ് ഹാസൽവുഡ്ഡും ഇന്ത്യയുടെ തകർച്ച വേഗത്തിലാക്കി. അജിങ്ക്യ രഹാനെ (0), ഹനുമ വിഹാരി (8), വൃദ്ധിമാൻ സാഹ (4), ആർ.അശ്വിൻ (0) എന്നിവരേയും മടക്കി ഹേസൽവുഡ് അഞ്ചു വിക്കറ്റും ടെസ്റ്റ് കരിയറിൽ 200 വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 5 ഓവറിൽ മൂന്ന് മെയ്ഡനുൾപ്പെടെ 8 റൺസ് മാത്രം വിട്ടുകൊടുത്താണ് ഹേസൽവുഡ്ഡ് 5 വിക്കറ്റ് വീഴ്ത്തിയത്. പാറ്റ് കുമ്മിൻസ് 10.2 ഓവറിൽ 4 മെയ്ഡനുൾപ്പെടെ 21 റൺസ് നൽകിയാണ് 4 വിക്കറ്റ് വീഴ്ത്തിയത്. ഒരു ഇന്ത്യൻ ബാറ്റ്സ്മാനു പോലും രണ്ടക്കം കടക്കാനായില്ല. 9 റൺസെടുത്ത മായങ്ക് അഗർവാളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 21.2 ഓവറിൽ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചു.
തുടർന്ന് 90 റൺസിന്റെ വിജയ ലക്ഷ്യം പിന്തിടുർന്നിറങ്ങിയ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തുകയായിരുന്നു. മാത്യു വേഡിന്റേയും (33), ലബുഷ്ചംഗയുടേയും (6) വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ജോ ബേൺസ് സ്റ്റീവ് സ്മിത്ത് (1) എന്നിവർ പുറത്താകാതെ നിന്നു.
നോട്ട് ദ പോയിന്റ്
ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഒരു ഇന്നിംഗ്സിലെ ഏറ്റവും ചെറിയ സ്കോർ (36/9)
1974-ൽ ലോഡ്സിൽ ഇംഗ്ലണ്ടിനെതിരേ 42 റൺസിന് പുറത്തായതായിരുന്നു ഇന്ത്യയുടെ ഇതിന് മുമ്പത്തെ ചെറിയ സ്കോർ.
1955-ൽ ഇംഗ്ലണ്ടിനെതിരേ 26 റൺസിന് ആൾഔട്ടായ ന്യൂസീലൻഡിന്റെ പേരിലാണ് ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്കോർ എന്ന റെക്കാഡ്.
 ടെസ്റ്റിൽ ഓസീസിനെതിരേ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോർ. 1947-ൽ 58 റൺസിന് പുറത്തായതായിരുന്നു ഇതിന് മുമ്പത്തെ ചെറിയ സ്കോർ.