
ന്യൂഡൽഹി: ജമ്മു കാശ്മീർ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുളളയുടെ 11.86 കോടി വിലമതിക്കുന്ന സ്വത്തുവകകൾ കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം താല്കാലിക ജപ്തി ഉത്തരവ് പുറപ്പെടുവിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വത്തുവകകൾ കണ്ടുകെട്ടുകയായിരുന്നു. ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.
കേസുമായി ബന്ധപ്പെട്ട് 2018-ൽ ഫാറൂഖ് അബ്ദുല്ല ഉൾപ്പടെ മൂന്നുപേർക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2002-11 കാലഘട്ടത്തിൽ 43.69 കോടി രൂപയുടെ തിരിമറി നടത്തിയതായാണ് കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ ഫാറൂഖ് അബ്ദുളളയ്ക്കെതിരായ നടപടി രാഷ്ട്രീയ പകപോക്കലാണെന്നാണ് നാഷണൽ കോൺഫറൻസ് പറയുന്നത്.
'പീപ്പിൾസ് അലയൻസ് പോർ ഗുപ്കാർ ഡിക്ലറേഷന് ശേഷമാണ് ഇഡിയുടെ നോട്ടീസ് വരുന്നത്. ഈ നടപടി രാഷ്ട്രീയ പകപോക്കലാണ്.' നാഷണൽ കോൺഫറൻസ് വക്താവ് പറഞ്ഞു. കേന്ദ്ര സർക്കാർ റദ്ദാക്കിയ
കാശ്മീരിന്റെ പ്രത്യേക പദവിയും അവകാശങ്ങളും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കാശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ ചേർന്നാണ് പീപ്പിൾസ് അലയൻസ് പോർ ഗുപ്കാർ ഡിക്ലറേഷന് രൂപം നൽകിയത്.
'ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തെയും ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തെയും എതിർക്കുന്നവർ അഭിമുഖീകരിക്കേണ്ടി വരുന്നത് ഇത്തരം പകപോക്കലുകളാണ്. രാജ്യത്തെമ്പാടുമുളള പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെച്ചുകൊണ്ട് ബി.ജെ.പി വിവിധ വകുപ്പുകളുടെ സഹായത്തോടെ ഭയപ്പെടുത്തുന്ന നടപടികളാണ് സമീപകാലത്ത് സ്വീകരിച്ചിട്ടുളളതെന്ന് കാണാം. ഫാറൂഖ് അബ്ദുളളയ്ക്ക് ഇഡി അയച്ച നോട്ടീസ് അതിനുളള ഉദാഹരണമാണ്.' നാഷണൽ കോൺഫറൻസ് പറയുന്നു.