
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ഐക്യജനാധിപത്യ മുന്നണി യോഗത്തില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി ഘടക കക്ഷികള്‍. യുഡിഎഫ് യോഗത്തിന് മുന്നോടിയായി ആര്‍എസ്പിയുടെയും മുസ്ലിം ലീഗിന്റെയും നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് കടുത്ത വിമര്‍ശനം ഉയര്‍ന്നത്.
കോണ്‍ഗ്രസിന്റെ ദുര്‍ബലമായ സംഘടനാ സംവിധാനമാണ് പരാജയത്തിന് കാരണമെന്ന് ഘടകകക്ഷികള്‍ കുറ്റപ്പെടുത്തി. നേതാക്കള്‍ പറഞ്ഞാല്‍ കോണ്‍ഗ്രസിന്റെ അണികള്‍ കേള്‍ക്കുന്നില്ലെന്ന് ഘടകകക്ഷികള്‍ പറഞ്ഞു. കോണ്‍ഗ്രസ് തിരുത്തിയേ മതിയാകൂ എന്നും ഇവര്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി രാഷ്ട്രീയ രംഗത്ത് സജീവമായി മുന്നോട്ട് വരണമെന്നായിരുന്നു ആര്‍എസ്പിയുടെ വിമര്‍ശനം.
യുഡിഎഫിലെ പ്രശ്‌നം കോണ്‍ഗ്രസിലാണെന്ന് മുസ്ലിം ലീഗും വിമര്‍ശിച്ചു. കോണ്‍ഗ്രസ് എത്രയും വേഗം തിരുത്തണമെന്നും മുസ്ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. ജമാ അത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ തിരഞ്ഞെടുപ്പ് ബന്ധം മലബാറില്‍ ഒതുങ്ങേണ്ട വിഷയമായിരുന്നുവെന്ന് യുഡിഎഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ പിജെ ജോസഫ് പറഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഇടതുമുന്നണിയുടെ രാഷ്ട്രീയ തന്ത്രത്തില്‍ യുഡിഎഫ് വീണുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.