google-

സ്കിൻ ടോണിന് ചേരുന്ന ശരിയായ ഷേഡിലുള്ള ലിപ്സ്‌റ്റിക് തിരഞ്ഞ് മടുത്തോ. എങ്കിൽ ഇനി ആലോചിച്ച് തലപുകയ്ക്കേണ്ട, ശരിയായ മറുപടി ഗൂഗിൾ പറയും. ഓഗ്‌മെന്റഡ് റിയാലിറ്റി ( Augmented Reality ) ഉപയോഗിച്ച് ഓൺലൈൻ ഷോപ്പിംഗിന് സഹായിക്കുന്ന ഗൂഗിളിന്റെ പുതിയ ഫീച്ചറിനെ പറ്റിയാണ് പറഞ്ഞു വരുന്നത്.

പുതിയ ഫീച്ചർ അനുസരിച്ച് ലിപ്സ്‌റ്റിക്കുകള്‍, ഐഷാഡോകൾ തുടങ്ങിയ മേക്കപ്പ് പരീക്ഷിക്കാൻ ഉപഭോക്താക്കൾക്ക് അവസരം ലഭിക്കും. ഈ ആഴ്ച യു.എസിൽ ഈ ഫീച്ചർ അവതരിപ്പിക്കും. ഗൂഗിളുമായി സഹകരിച്ച ബ്രാന്‍ഡുകളിലെ മേക്കപ്പ് ഉത്പന്നങ്ങൾക്ക് ഉപഭോക്താക്കൾ തിരയുമ്പോള്‍, സേര്‍ച്ച് റിസല്‍റ്റിൽ വെര്‍ച്വൽ ഫീച്ചറിന്റെ ഓപ്ഷൻ വരും. വിവിധ സ്‌കിന്‍ടോണുകളെ പ്രതിനിധീകരിക്കുന്ന മോഡലുകളുടെ ഫോട്ടോകളിലൂടെ ക്ലിക്കുചെയ്യുന്നത് വഴി ശരിയായ ടോൺ തിരഞ്ഞെടുക്കാം.

google-

അല്ലെങ്കിൽ, ഫോണിന്റെ ഫ്രണ്ട് ക്യാമറയിലൂടെ ഉത്പന്നങ്ങൾ സ്വയം പരീക്ഷിക്കുകയും ചെയ്യാം. ഈ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ ലിപ്സ്‌റ്റിക്ക്, ഐഷാഡോ ഷേഡുകൾ ക്യാമറ ഫീഡിന് താഴെ തെളിയും. അതായത് ബ്യൂട്ടി ആപ്പുകളിലൊക്കെ നാം കാണുന്ന പോലെയുള്ള ഓഗ്‌മെന്റഡ് റിയാലിറ്റിയ്ക്ക് സമാനമാണിത്. ഗൂഗിളിന്റെ ഷോപ്പിംഗ് ടാബ് വഴി ഷോപ്പിംഗ് നടത്താൻ ഈ ഫീച്ചർ ഉപഭോക്താക്കളെ സഹായിക്കും. ലോറിയല്‍, എസ്‌റ്റീ ലോഡര്‍, മാക് കോസ്‌മെറ്റിക്‌സ്, ബ്ലാക്ക് ഒപാല്‍, ഷാര്‍ലറ്റ് ടില്‍ബറി എന്നീ ബ്രാൻഡുകൾ ഗൂഗിളുമായി സഹകരിക്കുന്നുണ്ട്.