school

തിരുവനന്തപുരം: ജനുവരി ഒന്ന് മുതൽ സ്‌കൂളുകളിൽ എത്തുന്ന വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടേയും എണ്ണം കുറയ്ക്കണമെന്ന് നിർദ്ദേശം. എണ്ണം സ്‌കൂൾ അധികൃതർക്ക് തീരുമാനിക്കാമെന്നും വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യു.ഐ.പി.) യോഗത്തിൽ തീരുമാനമായി. ഇതിന് ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ സ്‌കൂളുകൾക്ക് നൽകുമെന്നും യോഗം അറിയിച്ചു.

ഇതിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കുന്നതിനായി സ്‌കൂൾതലത്തിൽ പി.ടിഎ യോഗങ്ങൾ ഒരാഴ്ചക്കുള്ളിൽ ചേരും. വെെറസ് വ്യാപന സാദ്ധ്യത കണക്കിലെടുത്ത് ഓരോ വിഷയത്തിന്റെയും ഊന്നൽ മേഖലകൾ പ്രത്യേകം നിശ്ചയിക്കുന്നതിനും അതനുസരിച്ച് വിലയിരുത്തൽ സമീപനം നിർണ്ണയിക്കുന്നതിനും എസ്.ഇ.ഇ.ആർ.ടിയെ ചുമതലപ്പെടുത്തി. 10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷകൾ സംബന്ധിച്ച വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കുമെന്നും അധിക‌ൃതർ വ്യക്തമാക്കി.

വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജൻസികളുടെ ഏകോപനത്തോടെ, വിദ്യാർത്ഥികൾക്ക് പഠനപിന്തുണയും ആവശ്യമായ കൗൺസിലിംഗും നൽകും. സ്‌കൂൾ തുറക്കുന്നത്,പരീക്ഷകൾ, എന്നിവ സംബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി
സ്വീകരിക്കുമെന്നും അധിക‌ൃതർ പറഞ്ഞു. ജനുവരി 1 മുതൽ 10, 12 ക്ലാസ്സുകളിലെ കുട്ടികൾക്ക് രക്ഷിതാക്കളുടെ സമ്മതത്തോടെ സ്‌കുളുകളിൽ എത്താവുന്നതാണ്.