
ബാലസോർ: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എ.ടി.എ.ജി.എസ് ഹോവിറ്റ്സർ പീരങ്കികൾ ബൊഫോഴ്സ് തോക്കിനേക്കാൾ കരുത്തുറ്റതാണെന്ന് വിദഗ്ദ്ധർ. അതിർത്തിയിലെ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകാനുതകുന്ന അത്യാധുനിക ഹൊവിസ്റ്റർ പീരങ്കികൾ , 48 കിലോമീറ്റർ ദൂരപരിധിയിലുള്ള ലക്ഷ്യസ്ഥാനം കൃത്യമായി തകർക്കുമെന്നും റിപ്പോർട്ട്. പീരങ്കി വികസിപ്പിച്ച ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
ഹൊവിസ്റ്റർ സേനയ്ക്ക് സ്വന്തമാകുന്നതോടെ, ഇന്ത്യൻ സേനയിലെ 1800 പീരങ്കിത്തോക്ക് സംവിധാനങ്ങളുടെ ആവശ്യകത നിറവേറ്റാനാകും. ഇതോടെ ഇന്ത്യ ഇനി വിദേശത്ത് നിന്നും പീരങ്കി സംവിധാനങ്ങൾ ഇറക്കുമതി ചെയ്യേണ്ടി വരില്ലെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ഭാരത് ഫോർജും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡുമാണ് ഹോവിസ്റ്റർ നിർമ്മിച്ചത്. ഒഡിഷയിലെ ബാലസോറിലാണ് ഈ തദ്ദേശീയ പീരങ്കി പരീക്ഷിച്ചത്.
ബൊഫേഴ്സിനെക്കാളും ഇസ്രയേലിന്റെ എ.ടി.എച്ച്.ഒ.എസിനേക്കാളും ഹോവിറ്റ്സർ മികച്ചതാണെന്ന് പ്രൊജക്ട് ഡയറക്ടർ ഷൈലേന്ദ്ര വി ഗേഡ് പറഞ്ഞു.
ഹോവിറ്റ്സറിന്റെ ഫീൽഡ് ട്രയൽസ് വേളയിൽ ചൈന അതിർത്തിക്കടുത്തുള്ള സിക്കിം, പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള പൊഖ്‌റാൻ തുടങ്ങിയ സ്ഥലങ്ങളിൽ ഇതിനകം രണ്ടായിരത്തിലധികം റൗണ്ടുകൾ വെടിയുതിർത്ത് വിജയം കണ്ടതായി ശൈലേന്ദ്ര കൂട്ടിച്ചേർത്തു.