woman

കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വച്ച് യുവനടി ആക്രമണം നേരിട്ട വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. കുടുംബത്തോടൊപ്പം മാളിലെത്തിയ തന്നോട് ഏതാനും ചിലർ മോശമായി പെരുമാറിയെന്നും ശരീരത്തിൽ സ്പർശിച്ചുവെന്നും തന്നെയവർ പിന്തുടർന്നുവെന്നും സോഷ്യൽ മീഡിയയിലൂടെ നടി വിശദീകരിച്ചതനുസരിച്ച് സംഭവത്തിൽ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

സംഭവത്തിനു പിന്നാലെ ഇവർ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞതിനാൽ അപ്പോൾ തനിക്ക് പ്രതികരിക്കാൻ സാധിച്ചില്ലെന്നും തന്നെ അവർ മനപ്പൂർവം സ്പർശിക്കുന്നത് ഒപ്പമുണ്ടായിരുന്ന സഹോദരി കണ്ടതാണെന്നും അവർ വന്ന് ചോദിച്ചപ്പോഴാണ് വ്യക്തത വന്നതെന്നും നടി തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ വ്യക്തമാക്കുകയും ചെയ്ത്തിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ കുറ്റം ചെയ്തവരേക്കാൾ കൂടുതലായി നടിയെ കുറ്റപ്പെടുത്താനാണ് ചിലർക്ക് താത്പര്യം കാട്ടിയത്. സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയിൽ വന്ന വാർത്തകളിൽ ഇവർ നടത്തിയ പ്രതികരണങ്ങൾ അങ്ങേയറ്റം മോശവും ഇരയെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ളതുമായിരുന്നു.

നടി എന്തുകൊണ്ട് സംഭവം നടന്ന സമയത്തുതന്നെ പരാതിപ്പെട്ടില്ല എന്നും അപ്പോൾ പരാതിപ്പെടാതെ സോഷ്യൽ മീഡിയയിലൂടെ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയതിലൂടെ പ്രശസ്തി നേടാനാണ് നടി ശ്രമിക്കുന്നതെന്നുമാണ് ഇവരുടെ 'കണ്ടുപിടിത്തങ്ങൾ'. വേറെ ചിലർക്കാണെങ്കിൽ ലൈംഗികാക്രമണം നേരിട്ട നടിയുടെ പേര് മാദ്ധ്യമങ്ങൾ വെളിപ്പെടുത്താത്തതിലാണ് നിരാശ.

മറ്റ് ചിലരാകട്ടെ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് കേട്ടാൽ അറച്ചുപോകുന്ന അശ്ലീലമാണ് കമന്റുകളിലൂടെ പറഞ്ഞത്. കൗതുകകരമായ വസ്തുത എന്തെന്നാൽ സംഭവത്തിൽ പ്രതികരിച്ച വളരെ ചുരുക്കം പേരൊഴിച്ച് മറ്റാരും നടിയെ ആക്രമിച്ചവരെ കുറ്റപ്പെടുത്താൻ അധികം തുനിഞ്ഞില്ല എന്നതാണ്.

നടിയുടെ വസ്ത്രധാരണം 'ശരിയാകാത്തത്‌' കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറഞ്ഞുകൊണ്ട് ആക്രമണത്തെ നിസാരവത്കരിക്കാൻ ശ്രമിച്ചവരും കുറ്റവാളികളെ ലജ്ജയില്ലാതെ ന്യായീകരിക്കാൻ തുനിഞ്ഞവരും ഒട്ടും കുറവല്ല. വസ്ത്രധാരണത്തിൽ 'ശരികേടുണ്ടെങ്കിൽ' നടി ആക്രമിക്കപ്പെട്ടതിൽ തെറ്റില്ല എന്ന് പറയാൻ പോലും ഇത്തരക്കാർ മടിക്കുന്നില്ലെന്നുള്ളത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്.

ഒരു സ്ത്രീ അക്രമിക്കപ്പെട്ടുമ്പോൾ 'വിക്ടിം ബ്ലെയ്‌മിംഗ്'(ഇരയെ കുറ്റപ്പെടുത്തൽ) നടത്തികൊണ്ട് കുറ്റവാളികളെ ന്യായീകരിക്കുകയും സംഭവത്തെ നിസാരമാക്കി കാണിക്കാൻ അവർക്ക് ഇടം സൃഷ്ടിക്കുകയും ചെയ്യുന്ന ഇത്തരം പ്രതികരണങ്ങൾ ഇതാദ്യമായല്ല നാം കാണുന്നത്.

ഇത്രയൊക്കെയായിട്ടും മലയാളി പുരുഷന്റെ ഈ സ്വഭാവത്തിന് ഈ കാലഘട്ടത്തിലും മാറ്റം സംഭവിക്കാത്തത് എന്തുകൊണ്ടാണ്? പ്രത്യേകിച്ചും ഫെമിനിസം പോലെയുള്ള പുരോഗമനാശയങ്ങൾക്ക് സമൂഹത്തിൽ ദൃശ്യത കൂടിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ? കേരള സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന പിതൃമേധാവിത്ത, ആണാധികാര മനോഭാവങ്ങൾ തന്നെയാണ് നമ്മുടെ പുരുഷന്മാരെ കൊണ്ട് ഇത്തരത്തിൽ ചിന്തിക്കുന്നത്.

പെണ്ണ് ആക്രമിക്കപ്പെട്ടാൽ അത് അവളുടെ അവളുടെ വസ്ത്രധാരണത്തിന്റെയോ, സമീപനത്തിന്റെയോ, 'പുരുഷനെ വേണ്ടവിധം ബഹുമാനിക്കാത്തതിന്റെയോ' ഒക്കെ പ്രശ്നങ്ങൾ ആയി മാറുന്നതിനു പിന്നിൽ ഈ ചിന്താഗതിയാണ് പ്രവർത്തിക്കുന്നത്.

ലൈംഗികാക്രമണം നേരിട്ട ഒരു പെൺകുട്ടി/സ്ത്രീക്കുണ്ടാകുന്ന മാനസിക ആഘാതത്തിന് യാതൊരു പരിഗണനയും നൽകാത്ത ഇത്തരക്കാർ, അവൾ അക്കാര്യം തുറന്നുപറയാൻ തയ്യാറാകുമ്പോൾ അതിനെ 'പ്രശസ്തി നേടാനുള്ള കുറുക്കുവഴിയായി' ചിത്രീകരിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഈ മനോഭാവം ഉള്ളിൽ സൂക്ഷിക്കുന്നവർക്ക് തീർച്ചയായും ചികിത്സ ആവശ്യമാണ്.

ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് നൽകുന്ന സുരക്ഷിതത്വത്തിലിരുന്നുകൊണ്ട് ഇരയെ കുറ്റപ്പെടുത്താൻ വേണ്ടിയല്ല, ആക്രമിക്കപ്പെട്ടവർക്ക് അവർ അർഹിക്കുന്ന പരിഗണനയും ആവശ്യമായ പിന്തുണയും നൽകുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ വേണ്ടിയാകണം നാം ഓരോരുത്തരും പ്രവർത്തിക്കേണ്ടത്. പുരോഗതി നേടിയ ഒരു ജനതയുടെ ഏറ്റവും വലിയ ലക്ഷണം അതാണ്.