
ക്രിസ്തുമസ് ആഘോഷ രാവുകൾക്ക് ആത്മീയതയുടെ നിറം പകരുന്ന 'ആഘോഷ രാവ്' എന്ന കരോൾ ഗാനം ശ്രദ്ധേയമാകുന്നു. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റും ഷൈൻ ഡാനിയലും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുവ സംഗീത സംവിധായകൻ പ്രശാന്ത് മോഹൻ എംപി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ രചയിതാവ് ദിവാകൃഷ്ണ വിജെ ആണ്.
'ബെത്‌ലഹേമിൽ ഉണ്ണി പിറന്നു' എന്ന് തുടങ്ങുന്ന കരോൾ ക്രിസ്തുമസ് ഗാനം റിലീസ് ചെയ്തതിന് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പി ഫാക്ടർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ പുറത്തിറക്കിയിരിക്കുന്ന ഗാനത്തിന്റെ സ്റ്റുഡിയോ വേർഷൻ ചിത്രീകരിച്ചിരിക്കുന്നത് നന്ദു കൃഷ്ണ വി.ജെ യാണ്.
അശ്വന്ത് എസ് ബിജുവാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. മീശ മീനാക്ഷി എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ പ്രശാന്ത് മോഹന്റെ സംഗീതത്തിൽ അടുത്തിടെ സംഗീതസംവിധായകൻ എം ജയചന്ദ്രൻ ഗാനം ആലപിച്ചിരുന്നു. ജയചന്ദ്രൻ ആദ്യമായിട്ടാണ് മറ്റൊരു സംഗീതസംവിധായകന് വേണ്ടി പാടിയത്.