
നാഗ്‌പൂർ: മുതിര്‍ന്ന ആര്‍എസ്എസ് സൈദ്ധാന്തികനും പ്രഥമ വക്താവുമായിരുന്ന എം.ജി വൈദ്യ (97) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് നാഗ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മകന്‍ മന്‍മോഹന്‍ വൈദ്യ തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നാളെ രാവിലെ ഒമ്പതരയ്ക്ക് നാഗ്പുരിലെ ശ്മശാനമായ അംബസാരി ഘട്ടിലാണ് മൃതദേഹം സംസ്കരിക്കുക.
ഒമ്പത് പതിറ്റാണ്ടുകാലം സ്വയം സേവകനായി പ്രവര്‍ത്തിച്ചിരുന്ന എം.ജി.വൈദ്യ സംഘത്തിന്റെ ബൗദ്ധിക വിഭാഗം തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014ലും 2019ലും ബി.ജെ.പി അധികാരത്തിലെത്താന്‍ സുപ്രധാന പങ്ക് വഹിച്ചു. ആര്‍.എസ്.എസ് നാവായ തരുണ്‍ ഭാരത് ദിനപത്രത്തിന്റെ ചീഫ് എഡിറ്റർ സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി വൈദ്യയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ബി.ജെ.പിയെ ശക്തിപ്പെടുത്തിയയാളാണ് അന്തരിച്ച എം.ജി വൈദ്യ.അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു ഒപ്പം കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിയും എം.ജി.വൈദ്യയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
 
Shri MG Vaidya Ji was a distinguished writer and journalist. He contributed extensively to the RSS for decades. He also worked to strengthen the BJP. Saddened by his demise. Condolences to his family and admirers. Om Shanti.
— Narendra Modi (@narendramodi) December 19, 2020