
സൂപ്പർഹിറ്റായ 'പ്രേമ'ത്തിന് ശേഷമുള്ള അഞ്ച് വർഷക്കാലത്തെ ഇടവേള അവസാനിപ്പിച്ച് സംവിധായൻ അൽഫോൺസ് പുത്രൻ മറ്റൊരു ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടുമെത്തുന്നു. 'പാട്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞതവണ നിവിൻ പോളിയാണ് അൽഫോൻസിനൊപ്പമുണ്ടായിരുന്നതെങ്കിൽ, ഇത്തവണ മറ്റൊരു യുവതാരമായ ഫഹദ് ഫാസിലാണ് സംവിധായകന്റെയൊപ്പം ചേരുന്നത്.
ഒപ്പം തെന്നിന്ത്യൻ സൂപ്പർ നായിക നായതാരയുമുണ്ട്. ചിത്രത്തിന്റെ സംവിധാനം മാത്രമല്ല, സംഗീത സംവിധാനവും അൽഫോൺസ് തന്നെയാണ് കൈകാര്യം ചെയുന്നതെന്നതും പുതുമയാണ്. സംഗീതം പശ്ചാത്തലമായി വരുന്ന സിനിമയ്ക്കായി താന്‍ സംഗീതം അഭ്യസിച്ചുകൊണ്ടിരിക്കുന്ന വിവരം അല്‍ഫോന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. 'നേരം', 'പ്രേമം' എന്നീ ചിത്രങ്ങള്‍ക്കു ശേഷം അൽഫോൻസ് സംവിധാനം നിർവഹിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'പാട്ട്'.
മുൻകാലത്തെ ഓഡിയോ കാസറ്റിന്റെ മാതൃകയില്‍ രൂപകൽപ്പന ചെയ്തിരിക്കുന്ന അതിമനോഹരമായ ടൈറ്റില്‍ പോസ്റ്ററും അല്‍ഫോന്‍സ് പങ്കുവച്ചിട്ടുണ്ട്. യുജിഎം എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രഹണം. പബ്ലിസിറ്റ് ഡിസൈന്‍ ട്യൂണി ജോണ്‍ 24 എഎം. രചന, സംവിധാനം, എഡിറ്റിംഗ്, സംഗീത സംവിധാനം എന്നിവ അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.