
ഹൈദരാബാദ്: ചെെനയുമായുള്ള അതിർത്തി തർക്കം ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ്
ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാൽ രാജ്യത്തിന്റെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കാൻ അനുവദിക്കില്ലെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.ചെെനയ്ക്ക് ഉചിതമായ മറുപടി നൽകി ഇന്ത്യ ദുർബല രാഷ്ട്രമല്ലെന്ന് തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.ദുണ്ടിഗലിൽ വ്യോമസേനയുടെ പുതിയ കേഡറ്റുകളുടെ സംയുക്ത ബിരുദ പരേഡിനെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.
"ഏത് തരത്തിലുമുള്ള ആക്രമണങ്ങൾക്കും ഏകപക്ഷിയ നിലപാടുകൾക്കും ഉചിതമായ മറുപടി നൽകുന്ന പുതിയ ഇന്ത്യയാണിത്. സംഘർഷങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.
വെെറസിന്റെ ദുഷ്‌കരമായ സമയങ്ങളിലൂടെ രാജ്യം കടന്നുപോകുമ്പോഴും, അതിർത്തിയിൽ ദുഷ്ടലക്ഷ്യത്തോടെയാണ് ചൈന പ്രവർത്തിച്ചത്. എന്നാൽ അവർക്ക് ഉചിതമായ മറുപടി നൽകി ഇന്ത്യ ദുർബല രാഷ്ട്രമല്ലെന്നു നമ്മൾ തെളിയിച്ചിട്ടുണ്ട്." രാജ്‌നാഥ് സിംഗ് പറഞ്ഞു.
നിലവിൽ ഇരു രാജ്യങ്ങളും ഉഭയകക്ഷി, നയതന്ത്ര ചർച്ചകളിലാണ്. സംഘർഷമല്ല, സമാധാനം മാത്രമാണു നമുക്കു വേണ്ടതെന്നും ഇന്ത്യ എപ്പോഴും സമാധാനത്തിലും ചർച്ചയിലും വിശ്വസിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തിന് എന്തെങ്കിലും ദോഷം സംഭവിച്ചിട്ടുണ്ടെങ്കിൽ സഹിക്കില്ലെന്നും അതിന് തക്കതായ മറുപടി നൽകാൻ ഇന്ത്യ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയുമായുള്ള നാലു യുദ്ധങ്ങൾ തോറ്റിട്ടും അയൽരാജ്യം ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് പാക്കിസ്ഥാനെ ലക്ഷ്യംവച്ചു കൊണ്ട് രാജ്‌നാഥ് സിംഗ് പറഞ്ഞു. ചൈനയ്‌ക്കെതിരെ സ്വീകരിച്ച നിലപാടിനു വിവിധ രാജ്യങ്ങളിൽനിന്ന് ഇന്ത്യയ്ക്കു വളരെയധികം അഭിനന്ദനം ലഭിച്ചെന്നും അദ്ദേഹം ഓർമിപ്പിച്ചു.