kpcc

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ കേരളത്തിലെ കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന ആവശ്യം വിവിധ കോണിൽ നിന്നുമുയരവെ, നേതൃമാറ്റം ഇപ്പോൾ ഗുണകരമാകില്ലെന്ന വിലയിരുത്തലിൽ കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതി. നേതൃമാറ്റമുണ്ടായാൽ ഗുണത്തേക്കാളേറെ ദോഷകരമായിത്തീരുമെന്ന് യോഗം വിലയിരുത്തി. നിയമസഭാ തിരഞ്ഞെടുപ്പ് മേയിൽ നടക്കാനിരിക്കുകയാണ്. സിപിഎം തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുകഴിഞ്ഞ സാഹചര്യത്തിൽ, നേതൃമാറ്റമുണ്ടായാൽ അത് കോൺഗ്രസിനെ കൂടുതൽ ക്ഷീണിപ്പിക്കുകയേയുള്ളൂവെന്നാണ് രാഷ്‌ട്രീയകാര്യ സമിതിയുടെ കണ്ടെത്തൽ.

ഈ മാസം 27ന് നടക്കുന്ന രാഷ്‌ട്രീയകാര്യ സമിതിയിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പങ്കെടുക്കും. തുടർന്ന് നേതാക്കളുമായി അദ്ദേഹം വിശദമായ കൂടിക്കാഴ്‌ച നടത്തും. ഡിസിസി തലത്തിൽ മാറ്റങ്ങൾ ഉണ്ടാകാനാണ് സാദ്ധ്യത. കനത്ത തോൽവിയുണ്ടായ ഇടങ്ങളിലെ ഡിസിസികൾക്കെതിരെ കടുത്ത നടപടി ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് എന്നിവയാണ് പട്ടികയിലുള്ളത്. മദ്ധ്യകേരളത്തിൽ നഷ്‌ടപ്പെട്ട മതന്യൂനപക്ഷ വോട്ടുകൾ തിരികെ കിട്ടാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്.