
തിരുവനന്തപുരം: വൈറസ് വ്യാപനം കണക്കിലെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഈ സീസണിലെ ഉത്സവങ്ങൾ ആചാരപരമായ ചടങ്ങുകളിൽ ഒതുക്കും. പറയെടുപ്പിനായി വീടുകളിൽ പോകില്ല. ആനകളെ എഴുന്നള്ളിക്കുന്നത് ഒഴിവാക്കണമെന്നും ബോർഡ് പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിക്കുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ 1250 ക്ഷേത്രങ്ങളാണുള്ളത്. മണ്ഡല മകരവിളക്ക് കാലം മുതൽ മേടമാസം വരെയുള്ള ആറുമാസക്കാലമാണ് ഉത്സവ സീസണായി കണക്കാക്കുന്നത് എന്നാൽ കൊവിഡ് ഭിഷണി കണക്കിലെടുത്ത് ഇത്തവണ ആചാരപരമായി ചടങ്ങുകൾ മാത്രം മതിയെന്ന് ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു.
ചടങ്ങുകളുടെ ഭാഗമായി ആനകളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കണം. പറയെടുപ്പിനായി വീടുകളിൽ പോകരുത്. സ്റ്റേജ് ഷോകളും സമ്മേളനങ്ങളും ഒഴിവാക്കും. അന്നദാനം നടത്തില്ല. ക്ഷേത്രക്കുളങ്ങളിൽ കുളിക്കാനും അനുമതിയില്ല. ഉത്സവങ്ങൾക്കായി സ്‌പെഷ്യൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ജീവനക്കാരുടെ എണ്ണം പരമാവധി കുറക്കും. മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ഉത്സവങ്ങൾ നടത്തുന്നുള്ളുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല ബന്ധപ്പെട്ട അസി. ദേവസ്വം കമ്മീഷണർക്കും ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർമാർക്കുമായിരിക്കും.
നിലവിൽ, ക്ഷേത്രക്കുളത്തിലും ശ്രീകോവിലിലും കൗണ്ടറുകളിലും അടക്കം ഭക്തർക്ക് നിയന്ത്രണമുണ്ട്. മാസ്‌ക്, സാമൂഹ്യ അകലം, ദർശനത്തിനെത്തുന്നവരുടെ പേര് രേഖപ്പെടുത്തൽ ഇവ നിർബന്ധമാണ്. 10 വയസിന് താഴെയുള്ളവരെയും 65 വയസിന് മുകളിലുള്ളവരെയും പ്രവേശിപ്പിക്കില്ല.