nepal-pm

കാഠ്മണ്ഡു: ചെറിയ ഇടവേളയ്ക്ക് ശേഷം നേപ്പാളിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. പാർലമെന്റ് പിരിച്ചുവിടാൻ പ്രധാനമന്ത്രി കെപി ശർമ്മ ഒലി പ്രസിഡന്റ് വിദ്യാദേവി ഭണ്ഡാരിയോട് ശുപാർശ ചെയ്തതായി റിപ്പോർട്ട്. മുന്‍ പ്രീമിയര്‍ പ്രചണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധികാരം തര്‍ക്കം രൂക്ഷമായതോടെയാണ് ഒലിയുടെ തീരുമാനം.

ഞായറാഴ്ച ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറാന്‍ തീരുമാനിച്ചതെന്ന് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാന്റിങ് കമ്മിറ്റി അംഗം വാര്‍ത്താ ഏജന്‍സി എഎൻഐയോട് പറഞ്ഞു.

ഒലിയുടെ തീരുമാനത്തെ ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി എതിർത്തുവെന്ന് വാർത്താ ഏജൻസി എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു. ഓലിയുടെ തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വക്താവ് നാരായണകാജി ശ്രേഷ്ഠ പ്രസ്താവന ഇറക്കി.ഭരണഘടന വ്യവസ്ഥ അനുസരിച്ച് പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അധികാരം പ്രധാനമന്ത്രിക്ക് ഇല്ലെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ഭൂരിപക്ഷ പിന്തുണ നഷ്ടപ്പെട്ടതായി നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. പാർലമെന്ററി പാർട്ടി, കേന്ദ്രകമ്മിറ്റി, പാർട്ടിയുടെ സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിൽ പ്രധാനമന്ത്രിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് എൻപിസി കേന്ദ്രകമ്മിറ്റി അംഗം ബിഷ്ണു റിജാൽ പറഞ്ഞു.


ചൊവ്വാഴ്ച പുറപ്പെടുവിച്ച ഭരണഘടനാ കൗൺസിൽ നിയമവുമായി ബന്ധപ്പെട്ട ഓർഡിനൻസ് പിൻവലിക്കാൻ പ്രധാനമന്ത്രിയ്ക്ക് സമ്മർദ്ദമുണ്ടായിരുന്നു. മൂന്ന് അംഗങ്ങളുടെ സാന്നിധ്യത്തിൽ പോലും മീറ്റിംഗുകൾ വിളിക്കാനും തീരുമാനമെടുക്കാനുമുള്ള അവകാശം പ്രധാനമന്ത്രിക്ക് നൽകുന്നതായിരുന്നു പുതിയ നിയമം. അതേദിവസം തന്നെ പ്രസിഡന്റ് വിദ്യാദേവി ഭണ്ഡാരി ഇത് അംഗീകരിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.