
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദിക്കെതിരെ ന്യൂയോർക്കിൽ വജ്ര തട്ടിപ്പ് കേസ്. പത്ത് ലക്ഷം ഡോളർ വിലമതിക്കുന്ന വജ്രങ്ങൾ കൈക്കലാക്കാൻ ശ്രമിച്ചെന്നാണ് പരാതി.
എൽഎൽഡി ഡയമണ്ട് യുഎസ്എയിൽ നിന്ന് ക്രഡിറ്റ് നിബന്ധനകൾക്കും മറ്റുമായി ഇരുപത് ലക്ഷം ഡോളറിലധികം വിലവരുന്ന വജ്രങ്ങൾ നെഹൽ മോദി സ്വന്തമാക്കി, സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്നുമാണ് പരാതി. ഡിസംബർ 18 ന് മാൻഹട്ടൻ ജില്ലാ അ റ്റോർണി, സി വാൻസ് ജൂനിയറിന്റെ ഓഫിസിൽ നിന്നും പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. 2015 മാർച്ച് മുതൽ ഓഗസ്റ്റ് വരെയുളള കാലയളവിലാണ് തട്ടിപ്പ് നടന്നത്.
പിഎൻബി തട്ടിപ്പ് കേസിൽ നേഹൽ മോദിക്കെതിരെ നേരത്തെ ഇന്റർപോൾ റെഡ്‌കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. പണം കടത്തുന്നതിന് സഹായിച്ചെന്നും, തെളിവുകൾ നശിപ്പിച്ചെന്നുമുള്ള കുറ്റങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.