
കാഠ്മണ്ഡു: നേപ്പാൾ പാർലമെന്റ് രാഷ്ട്രപതി ബിദ്യ ദേവി ഭണ്ടാരി പിരിച്ചുവിട്ടു. പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുടെ ശുപാർശ പ്രകാരമാണിത്. മുൻ പ്രധാനമന്ത്രി പ്രചണ്ഡയുമായി പാർട്ടിക്കുള്ളിൽ തുടരുന്ന അധികാര വടംവലി രൂക്ഷമായതോടെയാണ് ഒലി ഇത്തരത്തിലൊരു കടുത്ത തീരുമാനം കൈക്കൊണ്ടതെന്നാണ് സൂചന. പ്രചണ്ഡ, മാധവ് കുമാർ നേപ്പാൾ എന്നിവരുടെ നേതൃത്വത്തിൽ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു വിഭാഗം ഒലിക്കെതിരെ ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നുവെന്നാണ് വിവരം. സുപ്രധാന നിയമനങ്ങൾ നടത്താൻ ഒലിക്ക് അധികാരം നൽകുന്ന വിവാദ ഓർഡിനൻസ് പിൻവലിക്കണമെന്ന് എതിരാളികൾ ശക്തമായ നിലപാടെടുത്തതാണ് ഒടുവിലത്തെ പ്രകോപനം. ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച പാർട്ടി സ്റ്റാൻഡിംഗ് കമ്മിറ്റി പ്രമേയവും പാസാക്കിയിരുന്നു. തന്നെ നിശിതമായി വിമർശിക്കുന്ന പ്രമേയം പിൻവലിച്ചാൽ ഓർഡിനൻസും പിൻവലിക്കാമെന്ന് ആദ്യം സമ്മതിച്ച ഒലി പിന്നീട് മനസ് മാറ്റുകയായിരുന്നു.
ഇന്നലെ രാവിലെയാണ് പാർലമെന്റ് പിരിച്ചുവിടുന്നത് സംബന്ധിച്ച തീരുമാനം അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷം എടുത്തത്.
രാഷ്ട്രപതി ഭവനിൽ ഒലി നേരിട്ടെത്തി മന്ത്രിസഭാ തീരുമാനം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രണ്ട് വർഷം ബാക്കി നിൽക്കെയാണ് ജനപ്രതിനിധിസഭയെ പിരിച്ചുവിട്ടിരിക്കുന്നത്.
ഉച്ചയ്ക്ക് ശേഷം, രാഷ്ട്രപതി പാർലമെന്റ് പിരിച്ചുവിടുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ഒലിയുടേയും കൗൺസിൽ ഒഫ് മിനിസ്റ്റേഴ്സിന്റേയും ശുപാർശ പ്രകാരമാണ് നടപടിയെന്നും 2021 ഏപ്രിൽ - മെയ് മാസങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമെന്നും അവർ അറിയിച്ചു. അതുവരെ ഒലിയുടെ കാവൽ ഗവൺമെന്റ് തുടരും. ഇതോടെ ഒലിയുടെ നേതൃത്വത്തിൽ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി പിളരുമെന്നും റിപ്പോർട്ടുണ്ട്.
ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 30നും രണ്ടാം ഘട്ടം മെയ് 10നും നടക്കുമെന്നാണ് സൂചന.
എന്നാൽ, ഒലിയുടെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് വിദഗ്ദ്ധർ
അവകാശപ്പെട്ടു. പാർട്ടിയോട് ആലോചിക്കാതെ എടുക്കുന്ന ഇത്തരം തീരുമാനങ്ങൾക്ക് ഒലി വലിയ വില കൊടുക്കേണ്ടി വരുമെന്ന് മുതിർന്ന നേതാക്കൾ കുറ്റപ്പെടുത്തി. പുതിയ സംഭവവികാസത്തിനിടെ മുഖ്യപ്രതിപക്ഷ പാർട്ടിയായ നേപ്പാളി കോൺഗ്രസ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
അതേസമയം, ഒലിയുടെ തീരുമാനത്തിനെതിരെ ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ തന്നെ വലിയ പ്രതിഷേധമാണ് ഉയരുന്നതെന്നാണ് വിവരം. ഒലിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് മുതിർന്ന എൻ.സി.പി നേതാവും മുൻ പ്രധാനമന്ത്രിയുമായ മാധവ് കുമാർ വ്യക്തമാക്കി.