
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്ത് ഏറ്റവും പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ബൈക്ക് സെഗ്മെന്റാണ് അഡ്വഞ്ചര്‍ ബൈക്കുകള്‍. ഹീറോ മോട്ടോകോര്‍പ്പിന്റെ എക്സ്പള്‍സ് മുതല്‍ ജര്‍മന്‍ ബൈക്ക് ബിഎംഡബ്‌ള്യു മോട്ടോറാഡിന്റെ R 1250 GS വരെ നീണ്ട് നില്‍ക്കുന്ന ഒരു വമ്പന്‍ അഡ്വഞ്ചര്‍ ബൈക്ക് ശ്രേണിയുണ്ട് ഇന്ന് ഇന്ത്യയില്‍.
ഇത് കൂടാതെ അഡ്വഞ്ചര്‍ സെഗ്മെന്റിന്റെ സാദ്ധ്യതകള്‍ കണ്ടറിഞ്ഞു ധാരാളം ഇരുചക്ര വാഹന നിര്‍മാതാക്കള്‍ പുത്തന്‍ മോഡലുകള്‍ ഇന്ത്യയിലെത്തിക്കാന്‍ താത്പര്യപ്പെടുന്നുണ്ട്. അഡ്വഞ്ചര്‍ ബൈക്ക് സെഗ്മെന്റിനെ സംബന്ധിച്ച് 2020 നല്ല വര്‍ഷം ആയിരുന്നു. വിവിധ സെഗ്മെന്റുകളിലേക്കായി അര ഡസനില്‍ അധികം അഡ്വഞ്ചര്‍ ബൈക്കുകളാണ് ഈ വര്‍ഷം വിപണിയിലെത്തിയത്. ഇവയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ 5 താരങ്ങളെ പരിചയപ്പെടാം.

കെടിഎം 390 അഡ്വഞ്ചര്‍
ജനുവരിയിലാണ് അഡ്വഞ്ചര്‍ സെഗ്മെന്റിലേക്കുള്ള തങ്ങളുടെ ആദ്യ ബൈക്ക് 390 അഡ്വഞ്ചറിനെ കെടിഎം ലോഞ്ച് ചെയ്തത്. 2,99,001 ആയിരുന്നു എക്സ്-ഷോറൂം വില. മെയ് മാസത്തില്‍ 5,109 രൂപയും ഈ മാസം 1,442 രൂപ കൂടി വര്‍ദ്ധിപ്പിച്ചപ്പോള്‍ എക്സ്-ഷോറൂം വില 3,05,880 രൂപയായി ഉയര്‍ന്നു. 390 ഡ്യൂക്ക് അടിസ്ഥാനപ്പെടുത്തി നിര്‍മിച്ചിരിക്കുന്ന ഓഫ്-റോഡ് മോഡല്‍ ആണ് 390 അഡ്വഞ്ചര്‍. 44 ബിഎച്പി പവറും, 35 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 390 ഡ്യൂക്കിന്റെ, 373.2 സിസി എന്‍ജിന്‍ തന്നെയാണ് 390 അഡ്വഞ്ചറിലും മിടിക്കുന്നത്. ഓഫ്‌റോഡ് മോഡല്‍ ആയതുകൊണ്ട് തന്നെ സസ്‌പെന്‍ഷന്‍ ട്രാവല്‍ കൂടുതലാണ് 390 അഡ്വഞ്ചറിന്. നിഷ്‌ക്രീയമാകാവുന്ന ട്രാക്ഷന്‍ കണ്ട്രോളും ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്ററും സ്റ്റാന്‍ഡേര്‍ഡായി കെടിഎം 390 അഡ്വഞ്ചറില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓറഞ്ച്/കറുപ്പ്, വെളുപ്പ്/കറുപ്പ് എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ ലഭ്യമാണ്.

2020 ഹോണ്ട ആഫ്രിക്ക ട്വിന്‍
മാര്‍ച്ചിലാണ് പ്രീമിയം അഡ്വഞ്ചര്‍ ബൈക്ക് ആയ ഹോണ്ടയുടെ CRF 1100L ആഫ്രിക്ക ട്വിന്നിന്റെ പുത്തന്‍ മോഡല്‍ വിപണിയിലെത്തിയത്. അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് മോഡല്‍ മാത്രമാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. മാന്വല്‍ മോഡലിന് Rs 15.35 ലക്ഷവും, ഓട്ടോമാറ്റിക് ഡിസിടി മോഡലിന് Rs 16.10 ലക്ഷവുമാണ് എക്സ്-ഷോറൂം വില. 1,084 സിസിയുള്ള ഡിസ്‌പ്ലേസ്മെന്റ് വര്‍ധിപ്പിച്ച എന്‍ജിനാണ് പുത്തന്‍ ആഫ്രിക്ക ട്വിന്നിലെ പ്രധാന മാറ്റം. 7,500 അര്‍പിഎമ്മില്‍ 101 ബിഎച്പി പവറും 6,250 അര്‍പിഎമ്മില്‍ 105 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കും ഈ പുത്തന്‍ എന്‍ജിന്‍. ഹോണ്ട സെലക്റ്റബിള്‍ ടോര്‍ക്ക് കണ്ട്രോള്‍ (HSTC), സിക്‌സ്-ആക്‌സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് (IMU) എന്നീ ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകള്‍ പുത്തന്‍ ആഫ്രിക്ക ട്വിന്നില്‍ ഇടം പിടിച്ചിട്ടുണ്ട്. ടൂര്‍, അര്‍ബന്‍, ഗ്രാവല്‍, ഓഫ്-റോഡ് എന്നിങ്ങനെ റൈഡിങ് മോഡുകള്‍ക്കൊപ്പം രണ്ടു കസ്റ്റം റൈഡ് മോഡുകളും 2020 ആഫ്രിക്ക ട്വിന്നിനുണ്ട്. പുതിയ എന്‍ജിനില്‍ ഇപ്പോള്‍ നാല് പവര്‍ ലെവലും മൂന്ന് ലെവല്‍ ഇലക്ട്രോണിക് എഞ്ചിന്‍ ബ്രേക്കിംഗും ചേര്‍ത്തത്തിട്ടുണ്ട്.

ട്രയംഫ് ടൈഗര്‍ 900
ജൂണിലാണ് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യന്‍ വിപണിയിലെ പ്രീമിയം അഡ്വഞ്ചര്‍ ബൈക്ക് സെഗ്മെന്റിലേക്ക് തങ്ങളുടെ പുത്തന്‍ താരം ടൈഗര്‍ 900-നെ അവതരിപ്പിച്ചത്. ടൂറിങ്ങിന് പ്രാമുഖ്യം നല്‍കി തയ്യാറാക്കിയിരിക്കുന്ന ടൈഗര്‍ 900 ജിടി, ഓഫ്‌റോഡിങ്ങിനായി പ്രത്യേകം തയ്യാറാക്കിയ ടൈഗര്‍ 900 റാലി, ഏറ്റവും ഉയര്‍ന്ന മോഡല്‍ ആയ ടൈഗര്‍ 900 റാലി പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ടൈഗര്‍ 900 ലഭ്യമാണ്. യഥാക്രമം Rs 13.70 ലക്ഷം, Rs 14.35 ലക്ഷം, Rs 15.50 ലക്ഷം എന്നിങ്ങനെയാണ് ഓരോ മോഡലുകളുടെയും വില. മെലിഞ്ഞ് കൂടുതല്‍ ഷാര്‍പ് ആയ ബോഡി പാര്‍ട്‌സ് ആണ് ടൈഗര്‍ 900-ന്റെ പ്രധാന ആകര്‍ഷണം. റോഡ് യാത്രയ്ക്കായി പ്രത്യേകം തയ്യാറാക്കിയ മോഡല്‍ ആയതുകൊണ്ട് തന്നെ അലോയ് വീലുകള്‍, കുറഞ്ഞ സീറ്റ് ഹൈറ്റ് എന്നിവയാണ് ട്രയംഫ് ടൈഗര്‍ 900 മോഡലുകളുടെ ആകര്‍ഷണം.
പുതിയ 888 സിസി, ഇന്‍ലൈന്‍ ത്രീ-സിലിണ്ടര്‍ എഞ്ചിന്‍ ആണ് ടൈഗര്‍ 900-ന്. 8750 ആര്‍പിഎമ്മില്‍ 93.9 ബിഎച്ച്പി പവറും, 7,250 ആര്‍പിഎമ്മില്‍ 87 എന്‍എം ടോര്‍ക്കും ആണ് പുത്തന്‍ എന്‍ജിന്റെ ഔട്പുട്ട്.

2020 ബിഎംഡബ്‌ള്യു ജി 310 ജിഎസ്
വിലകൂടുതലാണ് എന്ന വിമര്‍ശനം ഒഴിവാക്കി 64,000 രൂപ കുറച്ചാണ് പരിഷ്‌കരിച്ച ബിഎംഡബ്ള്യു ജി 310 ജിഎസ് ഒക്ടോബറില്‍ വിപണിയിലെത്തിയത്. 3.49 ലക്ഷം ആയിരുന്നു ബിഎസ്4 പതിപ്പിന്റെ വില എങ്കില്‍ പുത്തന്‍ മോഡലിന് 2.85 ലക്ഷം മാത്രം. പുത്തന്‍ എല്‍ഇഡി ഹെഡ്‌ലാംപ് ആണ് പുത്തന്‍ മോഡലിലെ പ്രധാന മാറ്റം. സ്വര്‍ണ നിറത്തിലുള്ള മുന്‍ സസ്‌പെന്‍ഷന്‍ ഫോര്‍ക്ക്, 5-സ്‌പോക്ക് അലോയ് വീലുകള്‍ എന്നിവ ഇരു ബൈക്കുകളിലും മാറ്റമില്ലാതെ തുടരുന്നുണ്ട്. പൊങ്ങി നില്‍ക്കുന്ന മുന്‍പിലെ മഡ്ഗാര്‍ഡ്, ഷാര്‍പ് ആയ ഫ്‌ലൈലൈന്‍, വിന്‍ഡ് ഷീല്‍ഡ്, ഉയര്‍ന്ന പിന്‍ അസംബ്ലി എന്നിവയാണ് ജി 310 ജിഎസ് മോഡലിന്റെ സവിശേഷതകള്‍. പോളാര്‍ വൈറ്റ്, കോസ്മിക് ബ്ലാക്ക്, ലൈംസ്റ്റോണ്‍ മെറ്റാലിക് (സ്‌റ്റൈല്‍ സ്‌പോര്‍ട്ട്) എന്നിങ്ങനെ 3 നിറങ്ങളിലാണ് പുത്തന്‍ ജി 310 ആര്‍ വില്പനക്കെത്തിയിരിക്കുന്നത്.
ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പരിഷ്‌കരിച്ച 313 സിസി സിംഗിള്‍-സിലിണ്ടര്‍ എന്‍ജിന്‍, 9,500 ആര്‍പിഎമ്മില്‍ 34 ബിഎച്ച്പി പവറും, 7,500 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും ആണ് നിര്‍മ്മിക്കുക. മണിക്കൂറില്‍ 143 കിലോമീറ്റര്‍ വേഗതയില്‍ ജി 310 ജിഎസ്സിന് ആക്‌സിലറേറ്റ് ചെയ്യാന്‍ ഈ എന്‍ജിന്‍ പ്രാപ്തി നല്‍കും.

കെടിഎം 250 അഡ്വഞ്ചര്‍
390 അഡ്വഞ്ചറിന്റെ അനിയന്‍ 250 അഡ്വഞ്ചര്‍ നവംബറിലാണ് വിപണിയിലെത്തിയത്. Rs 2.48 ലക്ഷം ആണ് കെടിഎം 250 അഡ്വഞ്ചറിന്റെ എക്സ്-ഷോറൂം വില. 390 അഡ്വഞ്ചറിനേക്കാള്‍ 50,000 രൂപ കുറവാണ് 250 അഡ്വഞ്ചറിന്. 390 അഡ്വഞ്ചറുമായി കാര്യമായ ഡിസൈന്‍ വ്യത്യാസങ്ങള്‍ ഒന്നും ഇല്ലാതെയാണ് 250 അഡ്വഞ്ചറിനേയും കെടിഎം അവതരിപ്പിച്ചിരിക്കുന്നത്. 390 അഡ്വഞ്ചറിന് സമാനമായി ഓഫ്-റോഡ് എബിഎസ്, എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ 250 അഡ്വഞ്ചറിലും ഇടം പിടിച്ചിട്ടുണ്ട് എങ്കിലും അനിയന്‍ അഡ്വഞ്ചര്‍ മോഡലില്‍ ക്വിക് ഷിഫ്റ്റര്‍, കോര്‍ണേറിങ് എബിഎസ്, ട്രാക്ഷന്‍ കണ്ട്രോള്‍ സിസ്റ്റം എന്നിവ ഒഴിവാക്കിയിട്ടുണ്ട്. 390 അഡ്വഞ്ചറിലേ നെടുകെ ഭാഗിച്ച കുത്തനെയുള്ള എല്‍ഇഡി ഹെഡ്‌ലാംപിന് പകരം 250 ഡ്യൂക്കില്‍ നിന്നും കടമെടുത്ത ഹാലജന്‍ ഹെഡ്ലൈറ്റാണ് 250 അഡ്വഞ്ചറില്‍. 30 എച്പി പവറും, 24 എന്‍എം ടോര്‍ക്കും നിര്‍മിക്കുന്ന 250 ഡ്യൂക്കില്‍ നിന്ന് കടമെടുത്ത സിംഗിള്‍ സിലിണ്ടര്‍ 248.8 സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് 250 അഡ്വഞ്ചറില്‍.