nehal-modi-case

മുംബയ്: പി.എൻ.ബി തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരനും അതേ കേസിൽ സി.ബി.ഐ അന്വേഷിക്കുന്നയാളുമായ നേഹൽ മോദിക്കെതിരെ ന്യൂയോർക്കിൽ വജ്ര മോഷണക്കേസ്. ഒരു മില്യൺ ഡോളർ (7.36 കോടി രൂപ) വിലമതിക്കുന്ന വജ്രങ്ങൾ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

എൽ.എൽ.ഡി ഡയമണ്ട്സ് യു.എസ്.എയിൽ നിന്ന് ക്രെഡിറ്റ് നിബന്ധനകൾക്കും മറ്റുമായി 2.6 മില്യൺ ഡോളറിലധികം വിലവരുന്ന രത്നങ്ങൾ നെഹാൽ മോദി നേടിയെന്നും തുടർന്ന് സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നുമാണ് ജില്ലാ അറ്റോർണി സി വാൻസ് ജൂനിയർ ഡിസംബർ 18 ന് മാൻഹട്ടൻ ഓഫിസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നത്.

നീരവ് മോദി, പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 2 ബില്യൺ ഡോളർ തട്ടിയെടുത്തെന്ന (പി.എൻ.ബി തട്ടിപ്പ്) കേസിൽ നേഹൽ മോദിക്കെതിരെ ഇന്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പണം കടത്തുന്നതിന് സഹായിച്ചെന്നും തെളിവുകൾ നശിപ്പിച്ചെന്നുമുള്ള കുറ്റമാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പി.എൻ.ബി തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷിക്കുന്ന പ്രതി കൂടിയാണ് ബെൽജിയം സ്വദേശിയായ നേഹൽ മോദി.