dk-sivakumar

ബല്ലാരി: ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്ടറിൽ പറന്ന് ദർശനത്തിനെത്തിയതിന് പ്രായശ്ചിത്തമായി വെള്ളികൊണ്ടുള്ള ഹെലികോപ്ടർ മാതൃക ക്ഷേത്രത്തിന് സമർപ്പിച്ച് കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാർ. ബല്ലാരി ഹുവിനഹാദഗലി താലൂക്കിലെ മൈലർലിംഗേശ്വർ ക്ഷേത്രത്തിലാണ് വെള്ളി ഹെലികോപ്ടർ മാതൃക സമർപ്പിച്ചത്.

രണ്ടുവർഷം മുമ്പായിരുന്നു ശിവകുമാർ ക്ഷേത്രത്തിനുമുകളിലൂടെ ഹെലികോപ്ടറിൽ പറന്നെത്തി ദർശനം നടത്തിയത്. ഇത് വിശ്വാസികളുടെ പരമ്പരാഗത പദയാത്രയ്ക്ക് എതിരാണെന്നാണ് വിശ്വാസം. ഈ യാത്രയ്ക്കുശേഷം ശിവകുമാറിന് പല പ്രതിസന്ധികളുമുണ്ടായി. കേന്ദ്ര ഏജൻസികളുടെ റെയ്ഡ് ഉൾപ്പെടെ പലതും നേരിടേണ്ടിവന്നത് ഇതു കാരണമാണെന്നാണ് ശിവകുമാർ കരുതുന്നത്.

2018ൽ വാർഷിക കർണികയോടനുബന്ധിച്ച് ലക്ഷണക്കണക്കിനാളുകൾ പദയാത്രയായി ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു ശിവകുമാർ ഹെലികോപ്ടറിൽ വന്നത്. അറിവില്ലായ്മകൊണ്ട് സംഭവിച്ച തെറ്റിന് ശിവകുമാർ ക്ഷേത്രത്തിലെത്തി മാപ്പു പറഞ്ഞിരുന്നു. പരമ്പരാഗതമായ ക്ഷേത്രകാര്യങ്ങൾ അറിയാതെയാണ് ദർശനത്തിന് ഹെലികോപ്ടറിലെത്തിയതെന്നും പിന്നീടാണ് ചെയ്തത് തെറ്റാണെന്ന് ബോധ്യമായതെന്നും ശിവകുമാർ പറഞ്ഞു.

പാർട്ടിപ്രവർത്തകരും നേതാക്കളും അനുഗ്രഹം തേടി നേരത്തേ പ്രത്യേകപൂജ നടത്തിയെന്നും പ്രവർത്തകരുടെ ആഗ്രഹപ്രകാരമാണ് വീണ്ടും ക്ഷേത്രത്തിലെ ഭഗവാൻ മൈലർലിംഗേശ്വരയോട് മാപ്പു ചോദിച്ചതെന്നും ശിവകുമാർ പറഞ്ഞു