assault

ലുധിയാന: നവവധുവിന് മൈലാഞ്ചി ഇടാനെന്ന എന്ന പേരില്‍ വിളിച്ചു വരുത്തി മെഹന്ദി ആര്‍ട്ടിസ്റ്റിനെ കൂട്ട ബലാത്സംഗത്തിനിരയാക്കി. പഞ്ചാബിലെ ലുധിയാനയിലാണ് അഞ്ചുപേര്‍ ചേര്‍ന്ന് 21കാരിയെ കൂട്ട ബലാത്സംഗം ചെയ്തത്. ജസ്‌കരണ്‍ സിംഗ് മന്നി, സുഖ്വിന്ദര്‍ സിംഗ്, വരീന്ദര്‍ സിംഗ് വിക്കി, ഖുഷ്പ്രീത് സിംഗ്, തജ്രിന്ദര്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്. ജസ്‌കരണ്‍ സിംഗിന്റെ സുഹൃത്താണ് മെഹന്ദി ആര്‍ട്ടിസ്റ്റായ യുവതി.

കഴിഞ്ഞ വെള്ളിയാഴ്ച യുവതിയെ വിളിച്ച ഇയാള്‍, തന്റെ ബന്ധുവിന്റെ വിവാഹമാണെന്നും മെഹന്ദി ഇടാന്‍ വരണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇത് വിശ്വസിച്ച യുവതി ജോലി ഏല്‍ക്കുകയും ചെയ്തു. സംഭവദിവസം 21കാരിയെ ഭര്‍ത്താവ് ഫിറോസ്പുരിലെ ഒരു ഷോപ്പിംഗ് മാളിന് സമീപം കൊണ്ട് വിടുകയായിരുന്നു. ഇവിടെ നിന്നാണ് പ്രതികള്‍ യുവതിയുമായി സംഭവ സ്ഥലത്തേക്ക് പോയത്.

രാത്രി എട്ട് മണിയോടൊയായിരുന്നു ഭര്‍ത്താവ് ഇവരെ കൊണ്ടുവിട്ടത്. പ്രതികളായ സുഖ്‌വിന്ദറും വരീന്ദറുമാണ് യുവതിയെ കൂട്ടാനെത്തിയത്. ഫോണില്‍ സംസാരിച്ച ജസ്‌കരണ്‍ ഇവര്‍ക്കൊപ്പം ഗ്രാമത്തിലേക്ക് വരാനാണ് യുവതിയോട് ആവശ്യപ്പെട്ടത്. മണ്ഡ്യാന ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഇവര്‍ യുവതിയെ എത്തിച്ചത്.

ജസ്‌കരണും മറ്റ് രണ്ട് പേരും ഇവിടെയുണ്ടായിരുന്നു. ഈ വീട്ടില്‍ വെച്ചാണ് സംഘം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കന്നത്. യുവതിയെ സംഘം മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

പിന്നാലെ ഫിറോസ്പുരിലെ മറ്റൊരു മാളിന് സമീപത്ത് കൊണ്ട് വിടുകയും ചെയ്തു. തിരിച്ചെത്തിയതിന് പിന്നാലെ പൊലീസിനെ സമീപിച്ച യുവതി പരാതി നല്‍കുകയായിരുന്നു. അന്വേഷണം ആരംഭിച്ച പൊലീസ് ഇതിനോടകം നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതിയായ ജസ്‌കരണ്‍ ഒളിവിലാണ്. ഇയാള്‍ക്കായ് അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.