
കൊച്ചി: മഹാമാരിക്കാലത്തെ വിലക്കുതിപ്പും ഡിമാൻഡ് ഇല്ലായ്മയും മൂലം ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി കുത്തനെ താഴ്‌ന്നു. നടപ്പുവർഷം ഏപ്രിൽ-നവംബറിൽ 1,230 കോടി ഡോളറിന്റേതാണ് ഇറക്കുമതി. 2019-20ലെ സമാനകാലത്ത് 2,060 കോടി ഡോളറിന്റെ സ്വർണം ഇന്ത്യ വാങ്ങിയിരുന്നു; ഇക്കുറി ഇടിവ് 40 ശതമാനം.
ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയിൽ വലിയ പങ്കുവഹിക്കുന്ന വിഭാഗമാണ് സ്വർണം ഇറക്കുമതി. വിദേശ നാണയ വരുമാനവും ചെലവും തമ്മിലെ അന്തരമാണിത്. കറന്റ് അക്കൗണ്ട് കമ്മി കുറയുന്നത് ഇന്ത്യയ്ക്ക് നേട്ടമാണ്. എന്നാൽ, കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവും വിലക്കുറവും മൂലം നവംബറിൽ ഇറക്കുമതി മെച്ചപ്പെട്ടിട്ടുണ്ട്. 2.65 ശതമാനവും വളർച്ചയുമായി 300 കോടി ഡോളറിന്റെ ഇറക്കുമതി കഴിഞ്ഞമാസം നടന്നു.
തിളക്കമില്ലാത്ത വെള്ളി
വെള്ളി ഇറക്കുമതിക്കും ഇത് ക്ഷീണകാലമാണ്. ഏപ്രിൽ-നവംബറിൽ 75.2 കോടി ഡോളറിന്റെ ഇറക്കുമതി നടന്നു; 65.7 ശതമാനമാണ് ഇടിവ്. അതേസമയം, സ്വർണം, വെള്ളി ഇറക്കുമതി കുറഞ്ഞതിനാൽ ഇന്ത്യയുടെ വ്യാപാരക്കമ്മി 11,342 കോടി ഡോളറിൽ നിന്ന് 4,200 കോടി ഡോളറായി മെച്ചപ്പെട്ടിട്ടുണ്ട്.
800 ടൺ
ലോകത്ത് സ്വർണം ഇറക്കുമതിയിൽ ഒന്നാംസ്ഥാനം ഇന്ത്യയ്ക്കാണ്. ശരാശരി 800-900 ടണ്ണാണ് പ്രതിവർഷ ഇറക്കുമതി.
44%
നടപ്പുവർഷം ഏപ്രിൽ-നവംബറിൽ ഇന്ത്യയിൽ നിന്നുള്ള ജെം ആൻഡ് ജുവലറി കയറ്റുമതി ഇടിവ് 44 ശതമാനം. 1,430 കോടി ഡോളറിലേക്കാണ് കയറ്റുമതി കുറഞ്ഞത്.