
മിലാൻ: രണ്ടാം ഘട്ട വ്യാപനം രൂക്ഷമായ യൂറോപ്യൻ രാജ്യങ്ങൾ ക്രിസ്മസ് - പുതുവത്സര വേളയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇറ്റലിയിൽ ദേശവ്യാപകമായ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളൊഴികെ അടച്ചിടാനും ജോലി, ആരോഗ്യപ്രവർത്തനം തുടങ്ങിയ അടിയന്തര സേവനങ്ങൾക്കല്ലാതെയുള്ള യാത്രകൾ വിലക്കാനുമാണ് തീരുമാനം. 24 മുതൽ 27 വരെയും 31 മുതൽ 2020 ജനുവരി ആറു വരെയും രാജ്യത്ത് റെഡ് സോൺ പ്രഖ്യാപിച്ചു. ക്രിസ്മസും പുതുവത്സരവും സാധാരണ രീതിയിൽ ആഘോഷിച്ചാൽ അസുഖബാധിതരുടെ എണ്ണത്തിൽ വലിയ കുതിപ്പുണ്ടാകുമെന്ന ഭീതിയിലാണ് ഭരണകൂടം. ജനുവരിയിൽ വാക്സിനേഷൻ ആരംഭിക്കുന്നതോടെ ഈ ദുഃസ്വപ്നത്തിൽനിന്ന് മോചനം ലഭിക്കുമെന്ന് പ്രധാനമന്ത്രി ഗിസെപ്പെ കോണ്ടെ പറഞ്ഞു.
ബ്രിട്ടനിൽ ലണ്ടനിലും വടക്ക്കിഴക്കൻ ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും പ്രധാനമന്ത്രി ബോറിസ് ജോൺസൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ലണ്ടനിലെ ഹോട്ട്സ്പോട്ട് മേഖലകളിൽ ടയർ 4 നിയന്ത്രണങ്ങൾ ഇന്നലെ മുതൽ നിലവിൽ വന്നു. ജനങ്ങളോട് യാത്രകൾ ഒഴിവാക്കാനും നിർദ്ദേശിച്ചു. ക്രിസ്മസ് - പുതുവത്സര വേളകൾ കണക്കിലെടുത്ത് അഞ്ച് ദിവസത്തേക്ക് നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ബോറിസ് പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
നെതർലൻഡ്സും ജർമനിയും ക്രിസ്മസിന് നേരിയ ഇളവു നൽകുമെങ്കിലും 2020 ജനുവരി പകുതി വരെ ലോക്ക്ഡൗൺ തുടരും.
ഗ്രീസിൽ 2020 ജനുവരി ഏഴുവരെയാണ് നിയന്ത്രണം. പുറത്തിറങ്ങണമെങ്കിൽ മുൻകൂർ അനുമതി തേടണം.
ക്രിസ്മസ് പിറ്റേന്ന് മുതൽ ആസ്ട്രിയയിൽ ലോക്ക്ഡൗൺ ആരംഭിക്കും. 
മാസ്ക്ക് ധരിക്കേണ്ടെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്ന സ്വീഡനിൽ തിരക്കുള്ള സമയത്ത് പൊതുഗതാഗത സംവിധാനങ്ങളിൽ മാസ്ക് ഏർപ്പെടുത്തി. ഭക്ഷണശാലകളിൽ ആളുകളുടെ എണ്ണം കുറക്കാനും രാത്രി എട്ടിനു ശേഷം മദ്യവിൽപന നിരോധിക്കാനും സ്വീഡൻ തീരുമാനിച്ചിട്ടുണ്ട്.