
വാഷിംഗ്ടൺ: 2020ൽ ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ യൂട്യൂബർ ഒരു കൊച്ചു മിടുക്കനാണ്. കളിപ്പാട്ടങ്ങൾ അൺബോക്സ് ചെയ്യുന്ന വീഡിയോകളിൽ നിന്ന് മാത്രം ഏകദേശം 30 ദശലക്ഷം ഡോളറാണ് ടെക്സാസ് സ്വദേശിയായ റയൻ കാജിയെന്ന ഒൻപതു വയസുകാരൻ സമ്പാദിച്ചത്. കൂടാതെ, കളിപ്പാട്ടങ്ങളുടേയും വീഡിയോ ഗെയിമുകളുടേയും വിശകലനങ്ങളും റയൻ പോസ്റ്റ് ചെയ്യാറുണ്ട്. ഓരോ കളിപ്പാട്ടത്തിന്റേയും പ്രത്യേകതകളും ഗുണവും ദോഷവും എല്ലാം കുട്ടികൾക്ക് മനസിലാകുന്ന ഭാഷയിൽ റയൻ വിശദീകരിക്കും. റയന്റെ ഇരട്ടസഹോദരിമാരും രക്ഷിതാക്കളും ചില വീഡിയോകളുടെ ഭാഗമാകാറുണ്ട്.റയൻസ് വേൾഡെന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. ചാനലിന് 41.7 മില്യൺ സബ്സ്ക്രൈബേഴ്സും 12.2 മില്യൺ കാഴ്ചക്കാരുമുണ്ട്. ഒൻപത് യൂട്യൂബ് ചാനലുകൾ റയന്റെ കുടുംബത്തിനുണ്ടെങ്കിലും ജനകീയമായി തുടരുന്നത് റയൻസ് വേൾഡാണ്.ഇത് കൂടാതെ, റയന്റെ പേരിൽ ബ്രാൻഡ് ചെയ്ത വസ്ത്രങ്ങളിൽ നിന്ന് ഏകദേശം 200 ദശലക്ഷം ഡോളർ റയൻ നേടിയെന്നാണ് വിവരം. മാർക്സ്, സ്പെൻസർ പജാമാസ് എന്നീ കമ്പനികളുമായും റയൻ കരാറിലേർപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ ചാനലായ നിക്ലോഡിയൻ പുതിയ ടെലിവിഷൻ പരിപാടിയ്ക്കായി സമീപിച്ചിരിക്കുന്നതും റയനെയാണ്.